JHL

JHL

ഏപ്രിലിൽ മാത്രം കപ്പലിൽ നിന്ന് കാണാതായത് മൂന്ന് മലയാളി യുവ നാവികരെ

ഉദുമ(www.truenewsmalayalam.com) : ഏപ്രിലിൽ മാത്രം മർച്ചന്റ് നേവി കപ്പലുകളിൽനിന്ന് റിപ്പോർട്ട്‌ ചെയ്തത് മൂന്ന് തിരോധാന സംഭവങ്ങൾ. മലയാളികളായ മൂന്ന് യുവ നാവികാരാണ് വ്യത്യസ്ത കപ്പലുകളിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് കാണാതായത്.

യു.കെ.യിലെ സതാംപ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റി ഇത് ഏറെ ഗൗരവത്തിലാണ് കാണുന്നത്. കപ്പലുകളിൽ ജീവനക്കാർ കാണാതാകുന്ന സംഭവങ്ങൾ ഏറി വരുകയാണെന്ന് കപ്പലോട്ടക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സൊസൈറ്റി ആശങ്കയിലാണെന്ന് അതിന്റെ ഇന്ത്യയിലെ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ്‌ ജോയി പറയുന്നു. അവധി കഴിഞ്ഞ് കപ്പലിൽ ജോലിക്ക് കയറി ഏതാനും ആഴ്ചക്കകമാണ് മൂന്ന് സംഭവങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഏപ്രിൽ 14 ന് എം. ടി. അലിമസ് (പാനമ ഫ്ലാഗ്) കപ്പലിൽനിന്ന് തൃശൂർ സ്വദേശിയായ അദിത് സുനിൽകുമാർ കാണാതായി. ഏപ്രിൽ എട്ടിനായിരുന്നു ഇയാൾ കപ്പലിൽ കയറിയത്.

ഏപ്രിൽ 27ന് തിരുവന്തപുരം ആറ്റിങ്ങലിലെ അർജുൻ രവീന്ദ്രൻ എം.വി. എഫിഷൻസി (പാനമ ) കപ്പലിൽ നിന്ന് തുനീഷ്യയിൽനിന്നുള്ള യാത്രക്കിടെ കാണാതായി. രണ്ടുപേർക്കും കാറ്ററിങ് വിഭാഗത്തിലാണ് ജോലി. ഏറ്റവും ഒടുവിലായി കാസർകോട് ഉദുമയിലെ കെ. പ്രശാന്തിനെ ജൻകോ എന്റർപ്രൈസ് ( മാർഷൽ ഐലൻഡ്) കപ്പലിൽനിന്ന് കാണാതായി. ഏബിൾ സീമാനായ ഇയാൾ ഏപ്രിൽ 24ന് സിംഗപ്പൂരിൽ വെച്ച് ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഒരാഴ്ചക്കകം കാണാതായെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് എം.ടി. സ്ട്രീം അറ്റ്ലാന്റിക് എന്ന കപ്പൽ ഡർബനിൽ നിന്ന് യു.എസ്. പോർട്ട്‌ ലക്ഷ്യമാക്കിയുള്ള യാത്രയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ജസ്റ്റിൻ കുരുവിളയെ കാണാതായത്. കോട്ടയം ജില്ലയിൽ കുറിച്ചി സ്വദേശിയാണ്‌ ജസ്റ്റിൻ.

കപ്പലിൽനിന്ന് കാണാതാകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചുവരുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഓരോ ജീവനക്കാരനും. ഈ തിരോധാനങ്ങൾ ആ കുടുംബത്തിലുണ്ടാക്കുന്ന ദുരവസ്ഥ വിവരിക്കാനാവുന്നതല്ല. ഈ അവസ്ഥയിൽ നാവികർക്കും അവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെടാൻ സദാസമയം പ്രവർത്തന സജ്ജമായ ടീം (ക്രൈസിസ് റെസ്പോൺസ് നെറ്റ് വർക്ക്‌-സി.ആർ.എൻ) സൈലേഴ്സ് സൊസൈറ്റിയുടെ കീഴിൽ നിലവിലുണ്ടെന്ന് ക്യാപ്റ്റൻ വി. മനോജ്‌ ജോയ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റിനെ അറിയിച്ചു.


No comments