JHL

JHL

പ്രധാനമന്ത്രിയുടെ സന്ദർശനം; മംഗളൂരുവിൽ ഗതാഗതനിയന്ത്രണം


 മംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗളൂരു സന്ദർശനത്തോടനുബന്ധിച്ചുള്ള നിയന്ത്രണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. വെള്ളിയാഴ്‌ച രാവിലെ ആറുമുതൽ വൈകീട്ട്‌ ആറുവരെയാണ്‌ നിയന്ത്രണം. കാസർകോട്‌-മുംബൈ ദേശീയപാതയിൽ മംഗളൂരു കെ.പി.ടി. ജങ്ഷൻമുതൽ പണമ്പൂർ മംഗളൂരു പോർട്ട് അതോറിറ്റിവരെ, മംഗളൂരു വിമാനത്താവളംമുതൽ -കെ.പി.ടി. ജങ്ഷൻവരെ വാഹനഗതാഗതം അനുവദിക്കില്ല. വിമാനത്താവളംമുതൽ കെ.പി.ടി. ജങ്ഷൻവരെ, കെഞ്ചാർ, മറവൂർ, മരക്കട, കാവൂർ, ബോന്തേൽ, പദവിനങ്ങാടി, യെയ്യാടി, ദേശീയപാതയോരങ്ങൾ, കൊട്ടാരച്ചൗക്കി, കുളൂർമുതൽ എൻ.എം.പി.എ. വരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന കുളൂർ ഗോൾഡ് ഫിഞ്ച് സിറ്റിയുടെ 500 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. പരിപാടിയിലേക്ക്‌ ആളുകളെ കൊണ്ടുപോകുന്ന വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കും. ദേശീയപാത 66-ൽ ഉഡുപ്പി ഭാഗത്തുനിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന വാഹനങ്ങൾ മുൽക്കിയിൽനിന്ന്‌ കിന്നിഗോളി- -മൂഡ്ബിദ്രി-ബി.സി. റോഡ്‌-പാനെ മംഗളൂരു- മുഡിപ്പു വഴി തൊക്കോട്ട്‌ വഴി തിരിച്ചുവിടും.

മംഗളൂരുവിൽ വെള്ളിയാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതിയെ നിമജ്ജനം ചെയ്യുന്ന ചടങ്ങ്‌ നടക്കുന്നതുകൊണ്ടാണ്‌ അവധിയെന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്‌. എന്നാൽ ഗണേശോത്സവത്തിന്‌ ബുധനാഴ്‌ച അവധിയായിരുന്നു.

മോദിയുടെ പരിപാടിയിൽ ആളെ കൂട്ടുന്നതിന്റെ ഭാഗമായാണ്‌ അവധി പ്രഖ്യാപിച്ചതെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്.

No comments