JHL

JHL

ഓണക്കിറ്റ് വിതരണം കാസർകോട്, മഞ്ചേശ്വരം താലൂക്കിൽ മുടങ്ങി


കാസർകോട് : സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ മുടങ്ങി. മഞ്ഞ, പിങ്ക് കാർഡുകൾക്ക് നൽകാനുള്ള കിറ്റ് ആദ്യഘട്ടം എത്തിയിരുന്നു. നീല, വെള്ള കാർഡുകൾക്കുള്ള കിറ്റാണ് മൂന്ന് ദിവസമായി മുടങ്ങിയത്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഏഴുവരെയാണ് വിതരണ തീയതി. അതിനുശേഷം വിതരണമുണ്ടാകില്ലെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

നീല കാർഡിന് ഓഗസ്റ്റ് 29 മുതൽ 31 വരെയും വെള്ള കാർഡിന് സെപ്റ്റംബർ ഒന്ന് മുതൽ മൂന്നുവരെയുമാണ് വിതരണംചെയ്യേണ്ടിയിരുന്നത്. സാധനങ്ങൾ നിറയ്ക്കാനുള്ള തുണിസഞ്ചിയുടെ ലഭ്യതക്കുറവാണ് കിറ്റെത്തുന്നത്‌ വൈകാൻ കാരണമെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യം കാർഡുടമകളെ അറിയിക്കാത്തതിനാൽ റേഷൻ വ്യാപാരികൾ സമാധാനംപറയേണ്ട സ്ഥിതിയായി.

എന്നാൽ, സഞ്ചി ഇല്ലാത്തത് മാത്രമല്ല, സാധനങ്ങളും ആവശ്യത്തിനില്ലെന്നും വരുംദിവസങ്ങളിൽ ജില്ലയൊട്ടുക്ക് കിറ്റ് മുടങ്ങാൻ സാധ്യതയുണ്ടെന്നുമാണ് റേഷൻ വ്യാപാരികൾ പറയുന്നത്. ഓണക്കിറ്റിനോടൊപ്പം നീല, വെള്ള കാർഡുകൾക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ അരിയും ഇതുവരെയും ജില്ലയിലെ റേഷൻ കടകളിൽ എത്തിയിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു.

No comments