JHL

JHL

ഗണേശോത്സവത്തിന്‌ ഭക്തിസാന്ദ്രമായ തുടക്കമായി


കാസര്‍കോട്‌: ജില്ലയില്‍ ഗണേശോത്സവത്തിന്‌ ഭക്തിസാന്ദ്രമായ തുടക്കം. കാസര്‍കോട്‌ സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ സെപ്‌തംബര്‍ നാലിനും, ഹൊസ്‌ദുര്‍ഗ്‌ സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഘോഷങ്ങള്‍ 3നും സമാപിക്കും. മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തു നടക്കുന്ന ഉത്സവത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഗണേശ വിഗ്രഹം രാവിലെ കേളുകുന്ന്‌ അയ്യപ്പ ഭജനമന്ദിരത്തില്‍ നിന്ന്‌ തിരുമുല്‍ക്കാഴ്‌ചയോടുകൂടി പുറപ്പെട്ടു.

ക്ഷേത്രാങ്കണത്തില്‍ പ്രതിഷ്‌ഠ നടത്തിയ ശേഷം ഐക്യ മത്യസൂക്ത സഹിത മഹാഗണപതി ഹോമം പൂര്‍ണ്ണാഹുതി എന്നിവ നടന്നു. ഉച്ചയ്‌ക്ക്‌ ധ്വജാരോഹണം നടക്കും. വൈകിട്ട്‌ പൂജ, ഭജന, നൃത്തഭജന, ദാസ സങ്കീര്‍ത്തനം എന്നിവയും രാത്രി മഹാപൂജയും നടക്കും. സെപ്‌തംബര്‍ 4ന്‌ വൈകിട്ട്‌ 6.30നാണ്‌ ഗണപതി വിഗ്രഹനിമജ്ജനഘോഷയാത്ര നടക്കുക. ഉത്സവദിവസങ്ങളില്‍ കബഡി, വന്ദേമാതരം, ചിത്രരചന, കളിമണ്‍ വിഗ്രഹനിര്‍മ്മാണം, ക്വിസ്‌, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹൊസ്‌ദുര്‍ഗ്ഗ്‌ സാര്‍വ്വജനിക ശ്രീ ഗണേശോത്സവസമിതികളുടെ നേതൃത്വത്തിലുള്ള പതിനെട്ടാമത്‌ സാര്‍വജനിക ഗണേശോത്സവത്തിന്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ അമ്മനവര്‍ ക്ഷേത്ര പരിസരത്ത്‌ തുടക്കമായി. 3നാണ്‌ ഇവിടെ നിമജ്ജന ഘോഷയാത്ര. ജില്ലയില്‍ കുഞ്ചത്തൂര്‍, ഹൊസങ്കടി, മുള്ളേരിയ, സീതാംഗോളി തുടങ്ങിയ വിവിധ സ്ഥലങ്ങളിലും വീടുകളിലും ഗണേശോത്സവം വിപുലപരിപാടികളോടെ ആഘോഷിക്കും.

No comments