JHL

JHL

പട്ടി കടിച്ചാൽ എന്തു ചെയ്യണം? അറിയേണ്ടതെല്ലാം


ഈ വര്‍ഷം ഓഗസ്റ്റ് ഒന്നാം തീയതിവരെ കേരളത്തില്‍ തെരുവ് നായയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നത് 1,83,931 പേര്‍ക്കാണ്. ഇതില്‍ 21 പേര്‍ മരണത്തിന് കീഴടങ്ങി. അതില്‍ തന്നെ വാക്സിനെടുത്ത ആറ് പേര്‍ മരിച്ചു. എന്നിട്ടും മരുന്നിന്‍റെ ഗുണനിലവാര പരിശോധന എവിടെയും എത്തിയിട്ടില്ലെന്നതാണ് സത്യം. നായ ശല്യം രൂക്ഷമായിട്ടും താഴെ തട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനെത്തിയിട്ടില്ല. മാത്രമല്ല, നായകളെ വന്ധ്യം കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഒരു തദ്ദേശസ്വയം ഭരണസ്ഥാപനവും തുടക്കം കുറിച്ചിട്ടമില്ല. തത്വത്തില്‍ സ്വന്തം രക്ഷ സ്വയം നോക്കേണ്ട അവസ്ഥയിലാണ് ഈ ഓണക്കാലത്തും മലയാളി. നായ കടിയേറ്റ് ആശുപത്രികളിലെത്തിയാല്‍ ചികിത്സിക്കാന്‍ കൃത്യമായ പ്രോട്ടോകോളുകളുണ്ട്. എന്നാല്‍ ഇവ പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കാനുള്ള സംവിധാനങ്ങളില്ല. 2019 ലെ മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ 2.89 ലക്ഷം നായ്ക്കളാണ് ഉള്ളത്. പട്ടികടിയേല്‍ക്കുന്നതിലൂടെ ചികിത്സയ്ക്കായി കേരളം ഒരു വര്‍ഷം ചെലവാക്കുന്നത് 20 കോടി രൂപയാണ്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 335 പേര്‍ക്ക് തെരുവ് നായ്ക്കളില്‍ നിന്ന് കടിയേല്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ്റ്റ് സിരിജഗന്‍ സമിതിയുടെ 2016 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) നിലവില്‍ വന്ന 2001 വരെ കേരളത്തില്‍ തെരുവ് നായ ശല്യം നിയന്ത്രണ വിധേയമായിരുന്നു. നിയമം വന്നതിന് പിന്നാലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തെരുവ് നായകളെ കൊല്ലുന്നത് നിര്‍ത്തി. ഇതോടെയാണ് കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായത്. ശരീരത്തില്‍ എവിടെ പട്ടി കടിച്ചാലും ആദ്യം തന്നെ സോപ്പ്, ഡെറ്റോള്‍ എന്നിവയില്‍ ഏതെങ്കിലുമോ ശുദ്ധജലമോ ഉപയോഗിച്ച് 20 - 25 മിനിറ്റ് മുറിവ് വൃത്തിയായി മുറിവ് കഴുകണം. ഇങ്ങനെ മുറിവ് കഴുകുന്നതിലൂടെ ഏതാണ്ട് 90 ശതമാനം വൈറസിനെയും നശിപ്പിക്കാന്‍ കഴിയും. മുഖം, കഴുത്ത്, കണ്ണ്, ചെവി, കൈപ്പത്തി, കാല്‍വെള്ള, ജനനേന്ദ്രിയം വിരലിന്‍റെ അറ്റം തുടങ്ങിയ ഭാഗങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നു. നാഡീവ്യൂഹം കൂടുതലുള്ള സ്ഥലങ്ങളില്‍ കടിയേല്‍ക്കുമ്പോഴാണ് വൈറസ് തലച്ചോറിലേക്ക് വേഗത്തിലെത്തുന്നത്. മുറിവില്‍ മഞ്ഞള്‍പൊടിതേക്കുക, മുറിവ് കെട്ടിവെയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മുറിവ് കഴുകി വൃത്തിയാക്കിയ ഉടനെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തുക. കാര്യമായ മുറിവില്ലെന്ന് കരുതി ആശുപത്രിയിലേക്ക് പോകാതിരിക്കരുത്. ചെറിയൊരു പോറലിലൂടെ പോലും വൈറസിന് ശരീരത്തിനകത്ത് കടക്കാന്‍ കഴിയുമെന്നറിയുക. മുറിവിന്‍റെ വലിപ്പമനുസരിച്ച് ആദ്യം ഇമ്യൂണോഗ്ലോബുലിനും തുടര്‍ന്ന് വാക്സിനും ഏടുക്കുക.ഇമ്യൂണോഗ്ലോബുലിന്‍ മുറിവില്‍ തന്നെ എടുത്താല്‍ മാത്രമേ ഗുണം ലഭിക്കുകയൊള്ളൂ. നാല് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ വാക്സിനെടുത്തെന്ന് കരുതി വാക്സിന്‍ ഡോസ് മുടക്കരുത്. പേവിഷബാധയ്ക്കെതിരെ പ്രതിരോധത്തിനാണ് ആന്‍റി റാബിസ് വാക്സിന്‍ എടുക്കുന്നത്.വാക്സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍ ആന്‍റിബോഡി രൂപപ്പെടുന്നു. അതേസമയം മൂന്ന് മുതല്‍ എട്ട് ഡിഗ്രിവരെ സെല്‍ഷ്യസില്‍ വേണം വാക്സീന്‍ സൂക്ഷിക്കാന്‍. അല്ലാത്ത പക്ഷം വാക്സിന്‍റെ ഗുണം നഷ്ടമാകും. മാത്രമല്ല വൈദ്യുതി വിതരണം പത്ത് മിനിറ്റ് നഷ്ടമായാല്‍ പോലം വാക്സിന്‍റെ ഗുണനിലവാരം നഷ്ടമാകും.

No comments