JHL

JHL

റെയിൽ പാളത്തിൽ ഇരുമ്പു പാളി ; ആക്രി ശേഖരിക്കുന്ന സ്ത്രീയുടെ അറസ്റ്റിന് പിന്നാലെ ആശങ്കകൾ ഒഴിഞ്ഞു

കാസർകോട്(www.truenewsmalayalam.com) :  റെയിൽ പാളത്തിൽ ഇരുമ്പു പാളി കണ്ടെത്തിയ സംഭവം, ആക്രി ശേഖരിക്കുന്ന സ്ത്രീയുടെ അറസ്റ്റിന് പിന്നാലെ ആശങ്കകൾ ഒഴിഞ്ഞു.

 റെയിൽവേ സംരക്ഷണസേനയുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതിയായ ആക്രി പെറുക്കി വിൽക്കുന്ന തമിഴ്‌നാട് സ്വദേശിനിയെ അന്വേഷണസംഘം അറസ്റ്റുചെയ്തത്.

 ഈ കേസുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ മൊഴികളിലൂടെയും നൂറിലധികം ആൾക്കാരെ ചോദ്യംചെയ്തും, നിരവധി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണസംഘം പ്രതിയിലേക്ക് കണ്ടെത്തിയത്.

 സംഭവം നടന്ന ഓഗസ്റ്റ് 20-ന് റെയിൽപാളത്തിനു സമീപത്തൂടെ ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടുവെന്ന പരിസരവാസികളുടെ മൊഴിയാണ് പ്രതിയെ പിടിക്കുന്നതിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. അവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് പരിസരവാസികൾ പോലീസിനോട് പറഞ്ഞത്. ഈ മൊഴിക്കുശേഷം അന്വേഷണസംഘം സംശയിക്കുന്നവരുടെ പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തിയിരുന്നത്.

 തുടർന്ന് ഇവരുടെ താമസമുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഇവരുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ തുടങ്ങിയത്. ആദ്യം വ്യാജപേരും വിലാസവുമാണ് പ്രതി അന്വേഷണസംഘത്തോട് പറഞ്ഞത്. രണ്ടുതവണ പേര് മാറ്റിയ ശേഷമാണ് ഇവർ യഥാർഥപേര് പറഞ്ഞത്. ഇത് അന്വേഷണസംഘത്തിന് ഇവരുടെ മേലുള്ള സംശയം വർധിപ്പിച്ചു.

 പാളത്തിനരികിൽ യാത്രക്കാർ വലിച്ചെറിഞ്ഞ കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ പെറുക്കുന്നതിനിടയിലാണ് രണ്ടുപാളത്തിനുമിടയിലായി ഇരുമ്പുകമ്പി ഇളകിക്കിടക്കുന്നത് ശ്രദ്ധിച്ചത്. ഇതെടുത്ത് ചാക്കിലിടാൻ ശ്രമിച്ചപ്പോൾ കോൺക്രീറ്റിന്റെ ഭാരം തടസ്സമായി. തകർക്കുന്നതിനുള്ള എളുപ്പവഴി എന്ന നിലയിലാണ് അത് വലിച്ച് പാളത്തിൽെവച്ചത്. തീവണ്ടി കടന്നുപോകുമ്പോൾ കോൺക്രീറ്റ് ഇളകി കമ്പി മാത്രമായി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതി. എന്നാൽ അതിനുമുൻപ്‌ ഗുഡ്‌സ് തീവണ്ടി കടന്നുപോയതും അതിലെ ലോക്കോപൈലറ്റ് ഇത് കണ്ടതും വലിയൊരു അപകടമാണ് ഒഴിവാക്കിയത്.

🕳🕳🕳🕳🕳🕳🕳🕳

പാളത്തിൽ കല്ലുകൾ വെക്കുന്നതും തീവണ്ടിയാത്രക്കാർക്കുനേരേ ബിയർ ബോട്ടിലുകൾ എറിയുന്നതും പോലുള്ള അക്രമസംഭവങ്ങൾ ഇടയ്ക്ക് നടക്കാറുണ്ടെങ്കിലും ആദ്യമായാണ് പാളത്തിൽ ഇരുമ്പുകമ്പി കയറ്റിവച്ച സംഭവം ജില്ലയിൽ നടക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിന് പലവിധ വ്യാഖ്യാനങ്ങളുണ്ടായി. തീവ്രവാദികളുടെ പണിയാണെന്നും ലഹരിക്കടിമപ്പെട്ടവരുടെ കുത്സിത നീക്കമാണെന്നും തുടങ്ങിയ കഥകൾ പ്രചരിച്ചു. വർഗീയതയും രാഷ്ട്രീയവും ഏറിയും കുറഞ്ഞും ചേർത്തുമുള്ള പ്രചാരണങ്ങൾ പൊടിപിടിച്ചു. റെയിൽവേ സുരക്ഷാസേനയ്ക്കും പോലീസിനും സമ്മർദമേറെയായിയിരുന്നു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അന്വേഷണസംഘത്തിന്. പേരിനൊരു പ്രതി മതിയായിരുന്നില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി പഴുതടച്ച അന്വേഷണമായിരുന്നു നടത്തിയത്.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്കകം പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പ്രത്യേക അന്വേഷണസംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഫലമായാണ്. ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ, എസ്.ഐ.മാരായ എം.രജനീഷ്, സാജു തോമസ്, റെയിൽവേ സുരക്ഷാസേന (സി.ഐ.ബി.) പാലക്കാട് ഇൻസ്പെക്ടർ എൻ.കേശവദാസ്, ആർപി.എഫ്. മംഗളൂരു ഇൻസ്പെക്ടർ എം.അക്ബർ അലി, എസ്.ഐ. അജിത് അശോക് (സി.ഐ.ബി.) എ.എസ്.ഐ. ബിനോയ് കുര്യൻ എന്നിവരാണുണ്ടായിരുന്നത്.

No comments