ചെർക്കളയിൽ ബസ് ജീവനക്കാരെ അക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ
ചെർക്കള : ബസ് ജീവനക്കാരെ അക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ് (19)ആണ് റിമാൻഡിലായത്. തിങ്കളാഴ്ച വൈകിട്ട് ചെർക്കളയിലാണ് ബസ് ജീവനക്കാരെ അഞ്ചുപേർ ചേർന്ന് ആക്രമിച്ചത്. പ്രതികളിൽ രണ്ടു പേരെ വിദ്യാനഗർ എസ്.ഐ. വിജയൻ മേലത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റുള്ള മൂന്നുപേർ ഒളിവിലാണ്.
കാസർകോട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിലെ ജീവനക്കാരാണ് അക്രമത്തിനിരയായത്. ഡ്രൈവർ കുറ്റിക്കോലിലെ പ്രജീഷ് (33), കണ്ടക്ടർ മുന്നാട്ടെ ശ്രീരാജ് (26)എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
കാസർകോട്ടുനിന്ന് ബന്തടുക്കയിലേക്ക് പോകുന്നതിനിടെ ചെങ്കള നാലാംമൈലിൽ രണ്ട് യുവാക്കൾ ബസിന് തടസ്സമാകുംവിധം ബൈക്ക് ഓടിച്ചു. ഡ്രൈവർ ഹോൺ മുഴക്കിയപ്പോൾ ഭീഷണി മുഴക്കി.
ബസ് ചെർക്കളയിലെത്തി ആളുകളെ കയറ്റുന്നതിനിടെ മൂന്ന് യുവാക്കൾ കൂടിയെത്തി ഇരുമ്പുവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ വിദ്യാനഗർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തത്.
Post a Comment