കുമ്പള: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി കുമ്പള പഞ്ചായത്തിലെ പൂക്കട്ടയിൽ ജല ശുദ്ധീകരണ പ്ലാന്റ് നിർമിക്കും. കുടിവെള്ള ക്ഷാമം നേരിടുന്ന കുമ്പള, മംഗൽപാടി പഞ്ചായത്തുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഷിറിയ പുഴയിൽ നിന്നെടുക്കുന്ന വെള്ളമാണ് ശാസ്ത്രീയമായി ശുദ്ധീകരിച്ച് കുടുംബങ്ങൾക്ക് വിതരണം ചെയ്യുക. പദ്ധതിക്കായി കുമ്പള പഞ്ചായത്ത് നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നു. സ്ഥലം പ്രദേശത്തെ ആരാധനാലയവുമായി ചേർന്ന് കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് എതിർപ്പുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞിരുന്നു. അതിനാൽ ദീർഘകാലമായി പദ്ധതി ആരംഭിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഇടപെട്ടു. ശനിയാഴ്ച ജില്ലാ കളക്ടർ നേരിട്ട് പദ്ധതി പ്രദേശം സന്ദർശിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ സർവേ നടത്തി അതിർത്തി നിർണയിച്ചു.
പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ എതിർപ്പുള്ളതിനാൽ പ്രദേശവാസികൾ പകരം ഭൂമി കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. നിലവിൽ പദ്ധതി തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ അടുത്താണ് പ്രദേശവാസികൾ കണ്ടെത്തിയ ഭൂമിയും. പ്രസ്തുത ഭൂമിയിൽ പദ്ധതി തുടങ്ങുമ്പോൾ എതിർപ്പുണ്ടാവില്ലെന്നത് സംബന്ധിച്ചുള്ള നാട്ടുകാരുടെ ഉറപ്പ് അറിയിക്കാൻ ജില്ലാ കളക്ടർ മൂന്ന് ദിവസം അനുവദിച്ചു. 2024 ഓടെ പൂർത്തീകരിക്കേണ്ട ജൽജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളിലേക്കും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ഭൂമി ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ കാരണം പദ്ധതി വൈകിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Post a Comment