JHL

JHL

 ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ യു പി സ്വദേശി റിമാൻഡിൽ

കാസര്‍കോട്(www.truenewsmalayalam.com): ഡോക്ടറെന്ന വ്യാജേന  പരിചയപ്പെട്ട് ദമ്പതികളില്‍ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യു.പി സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. ഉത്തര്‍പ്രദേശ് ബറേലിയിലെ മുഹമ്മദ് ഷാരിക്കിനെ(19)യാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷാരിക്കിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടുന്നതിന് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍ കോടതിയില്‍ ഹരജി നല്‍കി. ഷാരിക്ക് സമാനരീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നറിയാന്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. മധൂര്‍ മായിപ്പാടി സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് ഷാരിക്ക് പണം തട്ടിയെടുത്തത്. മായിപ്പാടിയിലെ യുവതിയുമായി മുഹമ്മദ് ഷാരിക്ക് സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദത്തിലായിരുന്നു. സൗഹൃദം മുതലെടുത്ത് ഇയാള്‍ 2022 സെപ്തംബറില്‍ നിരവധി തവണയായി പണം കൈപ്പറ്റുകയായിരുന്നു. യുവതിയുടെ സഹപാഠിയാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവാവ് പരിചയം സ്ഥാപിച്ചത്. താന്‍ യു.കെയില്‍ ഡോക്ടറാണെന്നായിരുന്നു ഷാരിക്ക് അറിയിച്ചത്. രണ്ടാമത് കുട്ടിയുണ്ടാകുന്നതിന് മരുന്ന് അയച്ചുതരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. ഇതിനിടെ യുവതി ഗര്‍ഭിണിയാകുകയും ഈ വിവരം ഷാരിക്കിനെ അറിയിക്കുകയും ചെയ്തു. യുവതിക്കായി സമ്മാനവും 15,000 പൗണ്ടും അയച്ചിട്ടുണ്ടെന്നും തുക കൂടുതലുള്ളതിനാല്‍ പാര്‍സല്‍ സര്‍വീസില്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഇത് കിട്ടണമെങ്കില്‍ പണം വേണമെന്നും ഷാരിക്ക് അറിയിച്ചു. അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തു. യുവതിയും ഭര്‍ത്താവും 7,00,500 രൂപയാണ് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. ഹരിയാനയിലെ ഒമ്പത് അക്കൗണ്ടുകള്‍ വഴി പ്രതി പണം സ്വീകരിക്കുകയും ഈ തുക ഉത്തര്‍പ്രദേശിലെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് ദമ്പതികള്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് യുവതി ഒക്ടോബര്‍ 25ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണ സംഘം ബറേലിയിലെ സിങ്ങായി മുറാവന്‍ ഗ്രാമത്തിലെത്തി ഷാരിക്കിനെ പിടികൂടുകയാണുണ്ടായത്.

No comments