JHL

JHL

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് അബ്ദുല്ലത്വീഫ് ഉപ്പള


ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (OCCI) ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശിയും പ്രമുഖ വ്യവസായിയുമായ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റിന് ചരിത്ര വിജയം. ഇതോടെ 21 അംഗ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രവാസി നിക്ഷേപകനായി അബ്ദുല്ലത്വീഫ് മാറി. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലേക്ക് ആദ്യമായാണ് വിദേശികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത് കെയര്‍ ഗ്രൂപായ ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ മാനജിംഗ് ഡയറക്ടര്‍ കൂടിയായ അബ്ദുല്ലത്വീഫ് 107 വോടുകള്‍ നേടിയാണ് മത്സര രംഗത്തുണ്ടായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പെടെ എട്ട് പേരെ പരാജയപ്പെടുത്തിയത്. സുഹാര്‍ ഷിപിംഗ് മാനജിംഗ് ഡയറക്ടര്‍ എബ്രഹാം തനങ്ങാടന്‍, കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ എക്സിക്യൂടീവ് ഡയറക്ടര്‍ വിഎം അബ്ദുല്‍ ഹകീം, അഹ്മദ് ഇബ്രാഹിം ഖലൂസി, അഹ്മദ് സുബ്ഹാനി, അമീര്‍ തൗഖിര്‍ മുദ്ഹര്‍, അഹ്മദ് മുഹമ്മദ് രേധ, എബ്രഹാം (രാജു) താനങ്ങാടന്‍, മുഹമ്മദ് അഹ്മദ് അല്‍ ശര്‍ഖാവി, യോഗേന്ദ്ര സിംഗ് കടിയാര്‍ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍.ദീര്‍ഘകാല വിസയുള്ള വിദേശികള്‍ക്കും വോട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. 13,000 കംപനികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒമാനിലെ സുപ്രധാന ബോര്‍ഡിലേക്ക് ഒരു വിദേശി തെരഞ്ഞെടുക്കപ്പെടുന്നത് പ്രവാസികള്‍ക്ക് ഏറെ നേട്ടമാകും. ഒമാനിലെ സാമ്പത്തിക വളര്‍ചയില്‍ പ്രവാസി സമൂഹത്തെ പ്രധാന പങ്കാളിയാക്കുമെന്ന് ലത്വീഫ് പറഞ്ഞു. സുല്‍ത്വാന്‍ ഹൈതം ബിന്‍ താരിഖിന്റെ വിഷന്‍ 2040 യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രവാസി വ്യവസായ സമൂഹത്തെ അവിഭാജ്യ ഘടകമാക്കി മാറ്റുക പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.


അബുല്ലത്വീഫ് ബോര്‍ഡില്‍ അംഗമായതോടെ വ്യവസായ നയത്തില്‍ പുരോഗതി കൈവരിക്കാനും നിയമപരവും സാമ്പത്തികവുമടക്കം വ്യവസായ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ കാര്യക്ഷമമാക്കാനും സഹായകമാകും. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലും നിറസാന്നിധ്യമാണ് അബ്ദുല്ലത്വീഫ്. കാസര്‍കോട് സിഎച് സെന്ററിന്റെ ചെയര്‍മാനും കാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഐഷല്‍ ഫൗന്‍ഡേഷന്‍ സ്ഥാപകനുമാണ് ഇദ്ദേഹം.

No comments