JHL

JHL

കോവിഡിനെ തുടർന്ന് കൂട്ടിലടക്കപ്പെട്ട കാസർകോട്ടുകാരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം: കാസർകോട് സൗഹൃദ ഐക്യ വേദി

കാസർകോട്കോ (True News 10.9.2020): കോവിഡിനെ  തുടർന്ന് കൂട്ടിലടക്കപ്പെട്ട കാസർകോട്ടുകാരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കാസർകോട് സൗഹ്യദ ഐക്യ വേദി യോഗം ആവശ്യപ്പെട്ടു.
ഇപ്പോൾ കാസർകോട് നിന്ന് മംഗ്ലൂരു ഭാഗത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധനയില്ല. നേരെ വിടുന്നുണ്ട്. പക്ഷെ ബസുകൾ മാത്രം അതിർത്തി കടത്തി വിടുന്നില്ല. കർണാടക ആർ ടി സിയുടെ ബസുകൾ കാസർകോട് ബോർഡ് വെച്ച് തന്നെ വരുന്നുണ്ടെങ്കിലും അവരെ കാസർകോട് ജില്ലാ ഭരണകൂടം അതിർത്തി കടക്കാൻ അനുവദിക്കാത്തത് കൊണ്ട് മാത്രം അവർ തലപ്പാടിയിൽ യാത്ര അവസാനിപ്പിക്കുകയാണ്.
പൊതു വാഹന ഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരൻ അര കിലോമീറ്റർ വെയിലും മഴയും കൊണ്ടു നടന്നു ഇപ്പുറത്ത് വന്ന് കേരള ബസിൽ കയറി കാസർകോട് ഭാഗത്തേക്ക് യാത്ര തുടരണം. സ്വന്തമായി വാഹനമുളളവർക്ക് സ്വസ്ഥമായി യാത്ര ചെയ്യാൻ അനുമതി നൽകുമ്പോൾ പാവപ്പെട്ടവരെ മാത്രം ഇങ്ങനെ ഇടക്ക് ഇറക്കി മെനക്കെടുത്തുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാകുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

കാസർകോടിന് തെക്കുഭാഗത്തേക്ക് ദീർഘയാത്ര പോകാൻ ഇപ്പോൾ ആകെ ഒരു ട്രെയിൻ മാത്രമേയുള്ളൂ. ഡൽഹിയിൽ നിന്ന് വരുന്ന മംഗള എക്സ്പ്രസ്. മുൻകൂട്ടി റിസർവ് ചെയ്ത് ഈ വണ്ടിയിൽ കാസർകോട് നിന്ന് കയറി എറണാകുളത്തെത്തിയാൽ പതിനഞ്ചു ദിവസം ക്വാറന്റീനിൽ കഴിയണം. കാരണം അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന വണ്ടിയായത് കൊണ്ടാണെന്ന് പറയുന്നു. അതേ സമയം കണ്ണൂരിൽ നിന്ന് തുടങ്ങുന്ന തീവണ്ടിയിൽ കയറുന്ന യാത്രക്കാരന് ക്വാറന്റീൻ നിബന്ധനയില്ല.
കണ്ണൂരിൽ നിന്നും എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് അത്യാവശ്യ പകൽ വണ്ടികൾ ഉള്ളപ്പോൾ എന്തുകൊണ്ടാണ് കാസർകോട്, മഞ്ചേശ്വരത്ത് നിന്ന് ഒരു വണ്ടി സ്പെഷലായി എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ ഓടിക്കാൻ തയ്യാറാകുന്നില്ലെന്ന് യോഗം അധികൃതരോട് ചോദിച്ചു
കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടികൾ അതിരാവിലെയായതിനാൽ ആ സമയത്ത് കാസർകോട് നിന്ന് അവിടെ എത്തിപ്പെടാൻ വലിയ പ്രയാസമാണ്. റെയിൽവേ പുതുതായി ബാംഗ്ലൂരു - മംഗ്ലൂരു ഉൾപ്പെടെ അനവധി സംസ്ഥാനന്തര തീവണ്ടികൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും കാസർകോട് നിന്ന് തെക്കോട്ട് ഒരു വണ്ടിയും ലിസ്റ്റിലില്ല.
അത്യാവശ്യമായി തെക്കോട്ടും വടക്കോട്ടും പോകേണ്ട കാസർകോട്ടുകാരെ സഹായിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തയച്ച ജന പ്രതിനിധികൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ജനകീയ പ്രശ്നം ഏറ്റെടുക്കാൻ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും മുന്നോട്ട് വരണമെന്ന് കാസർകോട് സൗഹൃദ ഐക്യവേദി ആവശ്യപ്പട്ടു. നിസാർ പെറുവാഡ് ഓൺ ലൈൻ യോഗം നിയന്ത്രിച്ചു. ഖന്ന അബ്ദുല്ല കുഞ്ഞി, അസീസ് കടവത്ത്, സലീം അത്തി വളപ്പിൽ, ലത്തീഫ് ചെമനാട്, ഉമർ പാണലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments