JHL

JHL

മഞ്ചേശ്വരം താലൂക്കാശുപത്രി ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചൊവ്വാഴ്ച, ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക

ഉപ്പള(True News 18.09.2020): മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഉണർവേകി മംഗൽപാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടത്തിനൊരുങ്ങി. ഡയാലിസിസ് കേന്ദ്രം സെപ്റ്റംബർ 22ന് നാടിന് സമർപ്പിക്കും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. മുൻ എംഎൽഎ പി.ബി അബ്ദുൽ റസാഖിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 

ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകൾ സൗജന്യമായി നൽകിയതോടെ നടപടികൾ വേഗത്തിലായി. വൈദ്യുതീകരണം, ട്രാൻസഫോർമർ സ്ഥാപിക്കൽ, ജനറേറ്റർ, പ്ലംബിങ്, എയർ കണ്ടീഷൻ തുടങ്ങിയവയടക്കമുള്ള പ്രവർത്തനങ്ങൾക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. എം.സി.കമറുദ്ദീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ആർഒ പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയാറാക്കിയത്. രോഗികൾക്കുള്ള കിടക്ക, കട്ടിൽ, മറ്റുപകരണങ്ങൾ എന്നിവ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തിയാണ് ഒരുക്കിയത്.ആകെ 2.55 കോടി രൂപയാണ് ഇതിനായി ചെലവായത്.

ബിപിഎൽ വിഭാഗം, എസ് സി,എസ്ടി തുടങ്ങിയ സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് ചികിത്സ പൂർണമായും സൗജന്യമാണ്. ബ്ലോക്ക് പരിധിയിൽ നിലവിൽ 150 ഓളം വൃക്ക രോഗികളാണ് ആഴ്ച്ചയിൽ 3 പ്രാവശ്യം കാസർകോട്, മംഗളൂരു ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളിലെത്തുന്നത്. റജിസ്റ്റർ ചെയ്തവരിൽ നിന്നു ആദ്യഘട്ടത്തിൽ 90 പേർക്ക് 3 ഷിഫ്റ്റുകളിലായി സേവനം ലഭിക്കും. എല്ലാ രോഗികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക.

നടത്തിപ്പ് മഞ്ചേശ്വരം ചാരിറ്റബിൾ സൊസൈറ്റിക്ക്: ഡയാലിസിസ് സെന്റർ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു. ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ഉദ്യോഗസ്ഥർ, എച്ച്എംസി പ്രതിനിധികൾ തുടങ്ങി 250 അംഗങ്ങളുള്ള ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് സെന്റർ പ്രവർത്തിക്കുക. മുൻ എംഎൽഎയുടെ സ്മരണക്കായി പി ബി അബ്ദുൽ റസാഖ് മെമോറിയൽ ഡയാലിസിസ് സെന്റർ എന്ന പേരിലാണ് ഇതിനെ അറിയപ്പെടുക.
ബ്ലോക്ക് പഞ്ചാത്ത് ഭരണ സമിതി കഴിഞ്ഞ 2 വർഷമായുള്ള പരിശ്രമത്തിന്റെ പരിസമാപ്തി കൂടിയാണ് ഡയാലിസിസ് സെന്റർ ഒരുക്കിയത്. ചികിത്സ കൂടാതെ വൃക്ക രോഗികൾക്കായി സമാശ്വാസപ്രവർത്തനങ്ങളും വൃക്കരോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുളെ കുറിച്ച് ബോധവൽകരണവും ഇവിടെ നടക്കും. നാട്ടുകാർ, തദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പണം സ്വരൂപിച്ചാണ് ജീവനക്കാർക്ക് വേതനം നൽകാൻ തീരുമാനിച്ചത്. സർക്കാരിൽ നിന്നു ജീവനക്കാരെ അനുവദിച്ചിട്ടില്ല.

No comments