JHL

JHL

ഉപാധികളോടെ കാസർകോട് മാർക്കറ്റിന് പ്രവർത്തനാനുമതി നൽകും - ജില്ലാകലക്ടർ ഡോ. ഡി. സജിത് ബാബു

കാസര്‍കോട് (True News 17.09.2020): ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കും   മെന്ന് ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍, മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേരെ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ അനുവദിക്കൂ. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിക്കും. ടോക്കണ്‍ നല്‍കി ഒരേ സമയത്ത് പരമാവധി 50 പേരെ മാത്രം അകത്ത് പ്രവേശിപ്പിക്കും. രാവിലെ 7.30 വരെ റീട്ടയില്‍ വ്യാപാരികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്‌സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന് കലക്ടര്‍ പറഞ്ഞു.
സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സഹകരണ കോളേജുകളില്‍ നടക്കുന്ന എച്ച്.ഡി.സി, ബി.എം പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്നതിന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റിയോഗം അനുമതി നല്‍കി. എന്നാല്‍ പരീക്ഷ നടത്തുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അറിയിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും വേണം.
പല ജ്വല്ലറികളിലും ഇപ്പോഴും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന ജില്ലാ പൊലീസ് മേധാവി അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
യാത്രകള്‍ പരമാവധി ഒഴിവാക്കിയും സ്വകാര്യ ചടങ്ങുകളില്‍ നിന്നും ഒത്തു ചേരലുകളില്‍ നിന്നും മാറി നിന്നും എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങള്‍ക്ക് മാതൃകയാവണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, സബ്കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം എന്‍. ദേവിദാസ്, ഡി.എം.ഒ ഡോ. എ.വി രാംദാസ്, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments