JHL

JHL

മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസ്; ഒളിവിലുള്ള കാസർഗോഡ് സ്വദേശിയടക്കമുള്ള പ്രതികൾക്കായി ലൂക്കൗട്ട് നോട്ടീസ്.

 കാസര്‍കോട്(www.truenewsmalayalam.com) : മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസ്, ഒളിവിലുള്ള കാസർഗോഡ് സ്വദേശിയടക്കമുള്ള പ്രതികൾക്കായി ലൂക്കൗട്ട് നോട്ടീസ്.

കണ്ണൂർ ചിറക്കൽ സ്വദേശി മുബാറക്ക് (27), കുമ്പള ബദരിയ നഗർ സ്വദേശി ഷെഹീര്‍ റസീം(34), വയനാട് പുല്‍പ്പള്ളി സ്വദേശി സുജിത്(26), വയനാട് പനമരം സ്വദേശി ജോബിഷ് ജോസഫ്(23), തൃശ്ശൂര്‍ കൊടശ്ശേരി സ്വദേശി എഡ്‌വിന്‍ തോമസ്(24), ആലൂവ കറുകുറ്റി സ്വദേശി ആന്റപ്പന്‍ (28) എന്നിവര്‍ക്കെതിരെയാണ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചതെന്ന് കാസര്‍കോട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത് കുമാർ എന്നിവർ അറിയിച്ചു.

2021 ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ പോകുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് വച്ച് മറ്റ് വാഹനങ്ങളിലെത്തിയ സംഘം തടയുകയും തട്ടിക്കൊണ്ടുപോയി ഇയാളുടെ കൈയ്യിലുണ്ടായ 65 ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്.

 രണ്ട് ദിവസം കഴിഞ്ഞാണ് തട്ടികൊണ്ടുപോകലിന് വിധേയനായ രാഹുല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് ഒരാഴ്ചയ്ക്കകം മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തു.

 32 ലക്ഷം രൂപയും പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനവും കണ്ടെടുത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ക്കായി സൗകര്യമൊരുക്കിയ മൂന്ന്‌പേര്‍ കൂടി കേസിലുള്‍പ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.




No comments