JHL

JHL

സുൽത്താൻ ജ്വല്ലറിയിൽ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്; ഡയമണ്ട്സ് വിഭാഗം മാനേജരുടെ സഹോദരൻ പിടിയിൽ.

 

കാസര്‍കോട്(www.truenewsmalayalam.com) : സുൽത്താൻ ജ്വല്ലറിയിൽ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്; ഡയമണ്ട്സ് വിഭാഗം മാനേജരുടെ സഹോദരൻ പിടിയിൽ. 

മംഗളൂരു ബണ്ട്വാള്‍ താളിപ്പടുപ്പ് സ്വദേശി ഇമ്രാന്‍ ഷാഫി(45)യെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.കേസിലെ ഒന്നാം പ്രതിയും സുല്‍ത്താന്‍ ഗോള്‍ഡ് കാസര്‍കോട് ശാഖയിലെ ഡയമണ്ട്സ് വിഭാഗം മാനേജരുമായ ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖിന്റെ സഹോദരനാണ് ഇമ്രാന്‍ ഷാഫി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. സുല്‍ത്താന്‍ ജ്വല്ലറി എം.ഡി കുമ്പള സ്വദേശി അബ്ദുല്‍ റൗഫിന്റെ പരാതിയിലാണ് മുഹമ്മദ് ഫാറൂഖിനും ഇമ്രാന്‍ ഷാഫിക്കുമെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

 പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഫാറൂഖ് ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് പിന്തുടരുന്നതിഞ്ഞ് ഇമ്രാന്‍ ഷാഫിയും ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ചുള്ള അന്വേഷണത്തിനിടെ കുടുങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ നിന്ന് തട്ടിയെടുത്ത വജ്രവും സ്വര്‍ണവും ഫാറൂഖ് സഹോദരനെ ഏല്‍പ്പിച്ചതായി തെളിഞ്ഞതോടെയാണ് പൊലീസ് ഇമ്രാന്‍ ഷാഫിയെ കേസില്‍ രണ്ടാംപ്രതിയാക്കിയത്.

 ഇരുവരും അഞ്ച് ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ച് 50 ലക്ഷം രൂപ വായ്പയായി എടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വജ്രവും സ്വര്‍ണവും റിക്കവറി ചെയ്ത് കണക്കെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇമ്രാന്‍ ഷാഫിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിയെ കൂടാതെ സി.ഐ പി. അജിത്കുമാര്‍, എസ്.ഐമാരായ വിഷ്ണുപ്രസാദ്, നാരായണന്‍, രഞ്ജിത്, എ.എസ്.ഐമാരായ ലക്ഷ്മിനാരായണന്‍, മോഹനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി എന്നിവരുമുണ്ടായിരുന്നു.

അതിനിടെ മുഖ്യപ്രതി മുഹമ്മദ് ഫാറൂഖിനെ കണ്ടെത്തുന്നതിന് ഇതരസംസ്ഥാനങ്ങളിലടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതി വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഫാറൂഖിന്റെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു.





No comments