JHL

JHL

കാത്തിരിപ്പിന് വിരാമം: കൊപ്പളം റെയിൽവേ അണ്ടർപാസ്സേജ് യാഥാർഥ്യമാവുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ പടിഞ്ഞാർ  പ്രദേശത്തുകാരുടെ രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം. ജോലികൾക്ക് വേഗത വന്നതോടെ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് യാഥാർഥ്യമാവുന്നു. ഈ മാസാവസാനത്തോടെ അണ്ടർ പാസ്സേജ് മൊഗ്രാൽ  തീരദേശവാസികൾ ക്കായി തുറന്നു കൊടുക്കും.

 കൊപ്പളം  അണ്ടർ പാസ്സേജിനായി  കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി മുൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതി സംസ്ഥാന സർക്കാരിൽ നിന്ന് രണ്ടേമുക്കാൽ കോടി രൂപയോളം റെയിൽവേയ്ക്ക്  കൈ മാറിയതോടെയാണ് പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. കേന്ദ്രസർക്കാർ അനുമതിയും, ടെൻണ്ടർ  നടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.

എന്നാൽ കരാർ ഏറ്റെടുത്ത നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കിൽ  പ്രദേശവാസികളും, സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രവർത്തികൾക്ക് വേഗതയേറിയത്. അണ്ടർ പാസ്സേജ്നായി പ്രദേശവാസികളും, സന്നദ്ധ സംഘടനകളും മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്ക് നിരന്തരമായി നിവേദനങ്ങൾ നൽകിയതിന്റെ  അടിസ്ഥാനത്തിലാന് പദ്ധതിക്ക് ജീവൻ വെച്ചത്.

 2013ൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടേയും, നാട്ടുകാരുടെയും യോഗം വിളിച്ചു ചേർക്കുകയും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് മൂന്നു ലക്ഷം രൂപ റെയിൽവേയ്ക്ക്  അടക്കുകയും ചെയ്തു. എന്നാൽ പിന്നീട് പദ്ധതിക്ക് വേണ്ട ഫണ്ട്  ലഭ്യമാക്കാൻ കാലതാമസം നേരിട്ടു.മുൻ എം പി, പി  കരുണാകരൻ പദ്ധതിക്കായി എംപി ഫണ്ടിൽ നിന്ന്   25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് മുൻ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ വിഷയത്തിൽ ഇടപെടുകയും, കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൽ നിന്ന് മൂന്ന് കോടിയോളം രൂപ റെയിൽവേയ്ക്ക് അടക്കുകയും ചെയ്തതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

 റെയിൽ ഗതാഗതം തടസ്സമാകാത്ത തരത്തിൽ രാത്രിയും, പകലുമായി ജോലികൾ പൂർത്തിയാക്കാനാണ് കരാർ കമ്പനിക്കാരുടെ ശ്രമം. ഇതിനായി റെയിൽവേ ഉദ്യോഗസ്ഥരും   സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.





No comments