JHL

JHL

ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വെയ്ക്ക് തുടക്കമായി ; മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടറില്‍ ഡ്രോണ്‍ സര്‍വെ


കാസര്‍കോട് (www.truenewsmalayalam.com): സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലും ഡിജിറ്റല്‍ സര്‍വെയ്ക്ക് തുടക്കമായി. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടര്‍ സ്ഥലത്താണ്് ഡ്രോണ്‍ സര്‍വെ ക്രമീകരിച്ചിരിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഡ്രോണ്‍ സര്‍വെ ഉദ്ഘാടനം ചെയ്തു.എഡിഎം എകെ രമേന്ദ്രന്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം , സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു

ഡിജിറ്റല്‍ സര്‍വെ നടക്കുന്ന മുട്ടത്തൊടി വില്ലേജില്‍ ആകെ 1210 ഹെക്ടര്‍ ഭൂമിയില്‍ 514 ഹെക്ടറിലാണ് ഡ്രോണ്‍ സര്‍വെ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10ന് ആരംഭിച്ച സര്‍വെ വൈകീട്ട് ആറ് വരെ തുടരും . കാലാവസ്ഥ അനുകൂലമായാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയാക്കും. ബാക്കി ഭൂമിയില്‍ ഇടിഎസ് കോര്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും സര്‍വെ. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം ,കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളില്‍ ആണ് ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ നടത്തുന്നത്.

ഡിജിറ്റല്‍ ഭുസര്‍വെയുടെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഡ്രോണ്‍ സര്‍വെയ്ക്ക് അനുയോജ്യമായി നേരത്തെ ക്രമീകരിച്ചിരുന്നു. ഡ്രോണ്‍ കാഴ്ചയില്‍ ഉള്‍പ്പെടാന്‍ ഭൂമിയുടെ അതിര്‍ത്തികളില്‍ ഡിമാര്‍ക്കേഷന്‍ ചെയ്തിട്ടുണ്ട്. ആകാശകാഴ്ചക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകളും മറ്റും നീക്കി ഭൂഅതിരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ സര്‍വെ റെക്കോര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സര്‍വ്വെ നമ്പര്‍, , സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍, എന്നിവ ഇല്ലാതാകും. പകരം ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസൃതമായി പുതിയ നമ്പര്‍ നല്‍കും. പദ്ധതി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ റവന്യൂ രജിസ്ട്രേഷന്‍ , പഞ്ചായത്ത് ബാങ്ക് തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാകും

No comments