JHL

JHL

അനധികൃതമായി ടിക്കറ്റ് നിരക്കു കൂട്ടി സ്വകാര്യ ബസുകൾ

കുമ്പള(www.truenewsmalayalam.com) : അനധികൃതമായി ടിക്കറ്റ് നിരക്കു കൂട്ടി സ്വകാര്യ ബസുകൾ.

 കാസർകോട്-തലപ്പാടി, കുമ്പള-കളത്തൂർ, കുമ്പള-പേരാൽ കണ്ണൂർ, കുമ്പള-ബദിയടുക്ക, കുമ്പള-പെർള, കമ്പള-ധർമ്മത്തടുക്ക തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളാണ് ലോക്ക് ഡൗൺ കഴിഞ്ഞ് സർവ്വീസ് ആരംഭിച്ചതു മുതൽ അമിത ചാർജ് ഈടാക്കി വരുന്നത്.

ഈ റൂട്ടുകളിൽ മിനിമം ചാർജ് പത്തു രൂപയാണ് ഇപ്പോൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇതിനെ യാത്രക്കാർ ചോദ്യം ചെയ്താൽ ഡീസൽ വില വർധനവും സാമഗ്രികളുടെ വിലക്കയറ്റവും ചൂണ്ടിക്കാണിക്കുകയാണ് ബസ് ജീവനക്കാർ ചെയ്യുന്നത്. മിക്ക ബസുകളിലും വാങ്ങുന്ന ചാർജിന് ടിക്കറ്റ് പോലും നൽകാറില്ല.

വിദ്യാർത്ഥികളിൽ നിന്ന് ബസ് ജീവനക്കാർ അമിത ചാർജ് ഈടാക്കുന്നതായി നേരത്തെത്തന്നെ പരാതിയുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് അഞ്ചു രൂപയാണ് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. പതിനഞ്ചു രൂപ യാത്രാ നിരക്കുള്ള കളത്തൂരിൽ നിന്നും, എട്ടുരൂപ ചാർജുള്ള ആരിക്കാടിയിൽ നിന്നും അഞ്ചു രൂപ തന്നെയാണ് വിദ്യാർത്ഥികളിൽ നിന്ന് ബസ് ജീവനക്കാർ ചാർജ് ഈടാക്കുന്നത്. 

ആരിക്കാടിയിൽ നിന്ന് കുമ്പളയിലേക്കുള്ള യഥാർത്ഥ ബസ് ചാർജ് രണ്ടു രൂപയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കൊവിഡിന്റെയും ലോക്ഡൗണിന്റെയും മറവിൽ ബസ് മുതലാളിമാർ അനധികൃതമായി ചാർജ് വർദ്ധിപ്പിച്ചതായും ഇത്തരം ബസ് ഉടമകൾക്കും ജീവനക്കാർക്കും എതിരെ ആർ ടി ഒ യും പൊലീസും നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.





No comments