JHL

JHL

സായിറാം ഭട്ടിന്റെ മകൻ കെ.എൻ.കൃഷ്ണ ഭട്ട് ബദിയടുക്ക പഞ്ചായത്ത് അംഗത്വം രാജിവെച്ചു

കാസർകോട്(www.truenewsmalayalam.com) : ബദിയടുക്ക പഞ്ചായത്ത് അംഗത്വം കെ.എൻ.കൃഷ്ണഭട്ട് രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറി അവധിയായതിനാൽ അസിസ്റ്റന്റ് സെക്രട്ടറി പി.മുരളീധരനു മുന്നിലാണു രാജിക്കത്ത് കൈമാറിയത്. ഇന്നലെ ഉച്ചയ്ക്ക് ബിജെപി പ്രവർത്തകരോടൊപ്പമാണ് അദ്ദേഹം ഓഫിസിലെത്തിയത്. നിയമ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്നു തന്നെ പഞ്ചായത്ത് സെക്രട്ടറിക്ക് തപാൽ വഴിയും രാജിക്കത്തയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2015–2020ൽ യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച കൃഷ്ണഭട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാലാവധി കഴിയുന്നതിനു മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് ഭാരവാഹിത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പഞ്ചായത്ത് അംഗമായി. ബിജെപിയുടെ സിറ്റിങ് സീറ്റായ 14ാം വാർഡിൽ നിന്നാണ് വിജയിച്ചത്. നിലവിലെ ബിജെപി സംസ്ഥാന സമിതി അംഗത്വവും രാജിവയ്ക്കും.

സാമൂഹിക പ്രവർത്തകനായ സായിറാം ഗോപാലകൃഷ്ണഭട്ടിന്റെ മകനായ കൃഷ്ണഭട്ട് പിതാവിന്റെ മരണത്തെ തുടർന്ന് സാമൂഹിക പ്രവർത്തനം തുടർന്നു കൊണ്ടുപോകുന്നതിനാണ് രാജിവച്ചത്. നിർധനർക്ക് 265 വീട്, തയ്യൽമെഷീൻ, ഓട്ടോറിക്ഷ, സൗജന്യ മെഡിക്കൽ ക്യാംപ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തിയ അച്ഛന്റെ സ്മരണ നിലയ്ക്കാൻ പാടില്ലെന്ന നിലയ്ക്കാണ് സ്ഥാനം ഏറ്റെടുക്കുന്നത്. ഇപ്പോഴും വിവിധ ആവശ്യങ്ങൾക്ക് ഒട്ടേറെപ്പേർ കിളിംഗാറിലെ സായിറാം മന്ദിരത്തിലെത്തുന്നുണ്ട്. ഇവരെ പരിഗണിക്കാതെ മടക്കി അയക്കുന്ന സ്ഥിതി വരരുതെന്നാണ് കൃഷ്ണഭട്ട് പറയുന്നത്.


ജനുവരി 22നാണ് സായിറാം ഭട്ട് അന്തരിച്ചത്. വീടുകളുടെ അറ്റകുറ്റപ്പണി, സമൂഹവിവാഹം എന്നിവ നൽകി സഹായിക്കാനാണ് കൃഷ്ണഭട്ട് തീരുമാനിച്ചിട്ടുള്ളത്. രാഷ്ട്രീയ പ്രവർത്തനം ഒഴിവാക്കും.കൃഷ്ണഭട്ടിന്റെ രാജി സ്വീകരിച്ചാൽ ബദിയടുക്ക പഞ്ചായത്തിലെ 14–ാം വാർഡിലേക്ക് 6 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.


തുടർച്ചയായി 4 വിജയങ്ങൾ


2005–10 ൽ ഒന്നാം വാർഡി‍ലെ കിളിംഗാറിൽ നിന്നും വിജയിച്ച പഞ്ചായത്ത് അംഗമായ കൃഷ്ണഭട്ട്, 2010–15ൽ 19ാം വാർഡായ ബേളയിൽ നിന്നും വിജയിച്ച് വൈസ്പ്രസിഡന്റായി 2015–മുതൽ 2020 വരെ ഒന്നാം വാർഡിൽ നിന്നു വിജയിച്ചാണ് പ്രസിഡന്റായത്. 2010–15ൽ 1ാം വാർഡ് വനിതാ സംവരണ സീറ്റായതോടെ ഭാര്യ ഷീല ഭട്ടും പഞ്ചായത്ത് അംഗമായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെ ബിജെപിയുടെ സിറ്റിങ് സീറ്റായ 14ാം വാർഡ് നൽകി വിജയിപ്പിച്ചത്.

No comments