JHL

JHL

മീഡിയവൺ ചാനൽ വിലക്ക്; ഹൈകോടതി വിധി നാളെ.

മീഡിയവൺ ചാനൽ വിലക്കുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച ഹൈകോടതി വിധി പറയും. നാളെ രാവിലെ 10.15ന് ജസ്റ്റിസ് നഗരേഷ് ഓപ്പൺ കോർട്ടിലാണ് വിധി പറയുക. പ്രവർത്തന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിന് കഴിഞ്ഞ ബുധനാഴ്ച നിർദേശം നൽകിയിരുന്നു. ഫയലുകൾ ഇന്ന് ഹാജരാക്കാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ന് കേസ് പരിഗണനക്കെടുത്ത കോടതി നാളെ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും.

ചാനലിന് വേണ്ടി അഡ്വ. എസ് ശ്രീകുമാർ ഹാജരായി. മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും ഹരജിയിൽ കക്ഷി ചേർന്നിരുന്നു.

മീഡിയവണിന് സംപ്രേഷണം തുടരാൻ സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. എന്നാൽ, ഇത് എന്തെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ വാദം നിയമവിരുദ്ധവും രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് വിവിധ തുറകളിലുള്ളവർ പറയുന്നു.

മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം നൽകിയിരുന്നു. കെ. സുധാകരൻ, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ പ്രതാപൻ, അടൂർ പ്രകാശ്,ഡീൻ കുര്യാക്കോസ് , രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം വിലക്കിനെതിരെ രംഗത്തുവരികയും പാർലമെന്റിൽ ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ മറുപടി നൽകാനാവില്ല എന്നാണ് ബി.ജെ.പി സർക്കാർ പറയുന്നത്.


No comments