JHL

JHL

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊസഡിഗുംപെയിൽ സമൂഹവിരുദ്ധരുടെ വിളയാട്ടം.

മഞ്ചേശ്വരം(www.truenewsmalayalam.com) : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊസഡിഗുംപെയിൽ സമൂഹവിരുദ്ധരുടെ വിളയാട്ടം. ഇവിടെ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച ഗ്രേറ്റ് ട്രിഗണോമെട്രിക് സ്റ്റേഷൻ തകർത്തു. മൂന്നുവർഷം മുൻപ് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനാണ് ജി.ടി. സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇതിന്റെ സംരക്ഷണത്തിനായി നാലുഭാഗത്തും ഇരുമ്പുതൂണുകൾ സ്ഥാപിച്ച് ചങ്ങലയാൽ ബന്ധിപ്പിച്ചിരുന്നു. എന്നാൽ, തൂണുകൾ പിഴുതെറിഞ്ഞനിലയിലാണുള്ളത്. മാത്രമല്ല, ജി.ടി.എസിന്റെ അരികുഭിത്തി അടിച്ചുതകർക്കുകയും അശ്ലീലവാക്കുകൾ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.

സർവത്ര പ്ലാസ്റ്റിക് മാലിന്യം

വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പ്ലാസ്റ്റിക് കവറുകളുടെയും കുപ്പികളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും കൂമ്പാരമായി ഇവിടം മാറി. വിശാലമായ പുൽത്തകിടികളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞനിലയിലാണ്. പലയിടത്തും പ്ലാസ്റ്റിക് സാധനങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായും കാണാം. കൂടാതെ, മദ്യക്കുപ്പികളും മറ്റും പൊട്ടിച്ച് കുപ്പിച്ചില്ലുകൾ ചിതറിയനിലയിലുമാണ്. ഇത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയായിട്ടുണ്ട്.

സംരക്ഷണത്തിന് സംവിധാനമില്ല

ജില്ലയിലെ വിനോദസഞ്ചാരഭൂപടത്തിൽ പ്രഥമസ്ഥാനമാണ്‌ പൊസഡിഗുംപെക്കുള്ളത്. പൈവളിഗെ പഞ്ചായത്തിലെ പെർമുദയിൽനിന്ന് വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ഇവിടെ പ്രകൃതിഭംഗിയാസ്വദിക്കാൻ നൂറുകണക്കിനാളുകളാണെത്തുന്നത്.

അവധിദിവസങ്ങൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണിത്.

ഇടുങ്ങിയ കൈവഴികളിലൂടെ ചെങ്കുത്തായ കയറ്റം കയറിയെത്തുന്നവർക്ക് വശ്യമായ കാഴ്ചകളാണ് പൊസഡിഗുംപെ ഒരുക്കുന്നത്.

ചുറ്റിലും നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മലനിരകളും ചിക്‌മഗളൂർ മലനിരകളുടെ മനോഹാരിതയും വിശാലമായ പുൽത്തകിടിയും സദാസമയവും സഞ്ചാരികളെ തഴുകി കടന്നുപോകുന്ന കുളിർക്കാറ്റുമെല്ലാം ഇവിടെയെത്തുന്നവരുടെ മനം മയക്കുന്ന യാത്രാനുഭവമാണ്. അടിസ്ഥാനസൗകര്യമൊരുക്കാത്തതും സംരക്ഷണത്തിന് സംവിധാനമില്ലാത്തതും വലിയ പ്രയാസം സൃഷ്ടിക്കുന്നു.

No comments