JHL

JHL

പാചകവാതക വിലവർധന; ഹോട്ടലുടമകൾ ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : പാചകവാതകത്തിനും നിത്യോപയോഗസാധനങ്ങൾക്കുമുണ്ടായ വിലവർധനയ്ക്കെതിരേ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് ധർണ നടത്തി.

സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു.

സാധനങ്ങളുടെ വിലവർധനയെത്തുടർന്ന് ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും വീടുവിട്ടിറങ്ങുന്ന ജനങ്ങളുടെ അന്നം മുടങ്ങരുതെന്ന സാമൂഹികപ്രതിബദ്ധതയുടെ പേരിലാണ് ഇപ്പോൾ ഹോട്ടൽ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പാചകവാതക വില കുതിച്ചുയർന്നതോടെ പൊറുതിമുട്ടി ജനം

 ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ സബ്സിഡി ഒരറിയിപ്പുപോലുമില്ലാതെ നിർത്തലാക്കി. സബ്സിഡി ബാങ്ക് വഴി കിട്ടാൻ അക്കൗണ്ട് തുടങ്ങാൻ പരക്കംപാഞ്ഞതും ആധാറുമായി ബന്ധിപ്പിച്ചതുമൊക്കെ പഴങ്കഥകളായി. സബ്സിഡി ഒഴിവാക്കിയിട്ടുണ്ടോ രക്ഷ. വില ആയിരത്തിനരികെ. ചിലർ ആയിരവും വാങ്ങുന്നു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയാവട്ടെ എല്ലാ പരിധിയും ലംഘിച്ച് മുന്നോട്ടു തന്നെയാണ്. കോവിഡ് ഒന്നടങ്ങിയതിനെ തുടർന്ന് അൽപമൊന്ന് പച്ചപിടിച്ച ഹോട്ടൽ വ്യവസായ രംഗം വീണ്ടും തകർച്ചയിലേക്ക് പോകുമെന്ന ആശങ്കയാണ്.

വിലക്കയറ്റം കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന വേളയിൽ എങ്ങനെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമെന്നാണ് സാധാരണക്കാരന്‍റെ ചോദ്യം. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ പാചകവാതക വിലക്കയറ്റവും അനുദിനം വർധിക്കുന്നതോടെ എത്രകണ്ട് വില കൂട്ടുമെന്നാണ് ഹോട്ടലുടമകളുടെ ചോദ്യം. രണ്ടുഭാഗത്തും ന്യായം മാത്രം.

ഈ മാസം തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 256 രൂപയാണ് ജില്ലയിൽ വർധിച്ചത്. എച്ച്.പി ഗ്യാസിന് 2265 രൂപയായി. മംഗളൂരുവിൽനിന്ന് എത്തുന്നതിനാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിലേതിനേക്കാൾ അൽപം വിലകുറവാണ് കാസർകോട്ട്. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍റെ കണക്കുപ്രകാരം 1624 ഹോട്ടലുകളാണ് ജില്ലയിലുള്ളത്. കാസർകോട് നഗരസഭയിൽ മാത്രം 114 ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. കോവിഡ് കാരണം പലതും പാതിവഴിയിൽ നിർത്തി.


No comments