JHL

JHL

വാർഡ് മെമ്പറിന് ദേഹാസ്വാസ്ഥ്ം; കാസർകോട് ബസ്സ്റ്റാൻഡിലെ ലഘു ഭക്ഷണ ശാലക്ക് പൂട്ട


കാസർഗോഡ്(www.truenewsmalayalam.com) : പെരുന്നാൾ തലേന്നു കാസർകോട് പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ലഘു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം  കഴിച്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് അംഗത്തിനു ദേഹാസ്വാസ്ഥ്യം. പഞ്ചായത്ത് അംഗം റാഫി എരിയാലിനാണു പെരുന്നാൾ തലേന്നും പിറ്റേന്നും ശാരീരിക പ്രശ്നങ്ങളുണ്ടായത്. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ പ്രശ്നത്തിന്റെ വാർത്തകൾ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കാസർകോട് നഗരസഭാധ്യക്ഷനെ വിളിച്ച് ഈ കടയുടെ കാര്യം അറിയിച്ചു. 

മറ്റു കടകളൊന്നും ഇല്ലാത്തതിനാലാണ് ഈ കടയിൽ കയറേണ്ടി വന്നതെന്ന് റാഫി പറഞ്ഞു. കടയുടെ അകവും പുറവും വൃത്തിഹീനമായിരുന്നു. ജീവനക്കാരും ശുചിത്വം പാലിക്കുന്നുണ്ടായിരുന്നില്ല. വിവരമറിഞ്ഞ നഗരസഭാധ്യക്ഷൻ വി.എ.മുനീർ  കടയിൽ പരിശോധന നടത്താൻ  സെക്രട്ടറിക്കു നിർദേശം നൽകി. നഗരസഭ സെക്രട്ടറി എസ്.ബിജുവിന്റെ നേതൃത്വത്തിൽ പൊതു ജനാരോഗ്യ വിഭാഗം അധികൃതർ കടയിൽ എത്തിയപ്പോൾ അകത്ത് കടക്കാൻ കഴിയാത്ത വിധം വൃത്തിഹീനമായിരുന്നു. നിരോധിത പാൻ ഉൽപന്നങ്ങൾ പ്രത്യേകം കവറിൽ വിൽപനയ്ക്കു വച്ചതും കണ്ടെത്തി. ചെത്തി വയ്ക്കുന്ന കരിമ്പ് കഴുകി വൃത്തിയാക്കാതെയാണ് ജ്യൂസ് ആക്കി നൽകുന്നതെന്ന് അധികൃതർ പരിശോധനയിൽ കണ്ടെത്തി. 

കരിമ്പ് ഉൾപ്പെടെയുള്ള ജ്യൂസിനു പുറമേ ചിക്കൻ, കിഴങ്ങ് ഇവ ചേർത്ത് പാവ് ബാജി തുടങ്ങിയ ലഘു ഭക്ഷണം ഇവിടെ പാചകം  ചെയ്തു നൽകുന്നുണ്ടായിരുന്നു. ഇതിനായി സൂക്ഷിച്ച 3 ദിവസം പഴക്കമുള്ള  മസാല കൂട്ട്, ഫ്രിജിൽ മുറിച്ചു വച്ച ചിക്കൻ, പാൽ തുടങ്ങിയവയും കണ്ടെടുത്തു. കടയിൽ വിൽപനയ്ക്കു വച്ച 10 കിലോഗ്രാം പാൻ ഉൽപന്നങ്ങൾ നഗരസഭ അധികൃതർ എക്സൈസ് അധികൃതർക്കു കൈമാറി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രൂപേഷ്, രാജേഷ് തുടങ്ങിയവർ ആണ് പരിശോധന നടത്തിയത്.

No comments