JHL

JHL

ടാറ്റാ കോവിഡ്​ ആശുപത്രിയെ മികച്ച ആശുപത്രിയായി ഉയർത്തണം -സി.പി.ഐ

കാസർകോട്(www.truenewsmalayalam.com) : ടാറ്റാ കോവിഡ് ആശുപത്രിയെ ആധുനിക ചികിത്സാസംവിധാനങ്ങളോടുകൂടിയ മികച്ച ആശുപത്രിയായി ഉയർത്തണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു.

 കോവിഡ് രൂക്ഷമായിരുന്ന കാലത്ത് ജില്ലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി പ്രവർത്തിച്ച ആശുപത്രിയാണ് ചട്ടഞ്ചാലിൽ സ്ഥിതിചെയ്യുന്ന ടാറ്റാ കോവിഡ് ആശുപത്രി. സർക്കാർ ലഭ്യമാക്കിയ ഭൂമിയിൽ ടാറ്റാ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ 60 കോടിയോളം രൂപ ചെലവഴിച്ചാണ് വിപുലമായ ആശുപത്രി സംവിധാനം ഒരുക്കിയത്.

 ആശുപത്രി പ്രവർത്തിപ്പിക്കാനാവശ്യമായ ആരോഗ്യ പ്രവർത്തകരുടെ തസ്തികകളും സംസ്ഥാന സർക്കാർ അനുവദിച്ചു. എന്നാൽ, കോവിഡ് ഏറക്കുറേ പിൻവാങ്ങിയതോടെ ഈ സംവിധാനത്തിന്റെ സേവനം ജില്ലയിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല.

 ആരോഗ്യ സേവന മേഖലയിൽ പിന്നാക്കംനിൽക്കുന്ന ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം ആധുനിക ചികിത്സാസംവിധാനങ്ങൾ ലഭ്യമാകുന്ന മികച്ച ആശുപത്രിയായി ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ ആവശ്യപ്പെടുന്നു.

 ജില്ല അസി. സെക്രട്ടറി വി. രാജൻ അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി. മുരളി എന്നിവർ സംസാരിച്ചു.





No comments