JHL

JHL

കുമ്പള പഞ്ചായത്തിലെ പദ്ധതി വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയിൽ വിനിയോഗിക്കാതെ പാഴായത് 1.47 കോടി രൂപ.


കുമ്പള: കുമ്പള പഞ്ചായത്തിലെ പദ്ധതി വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയിൽ വിനിയോഗിക്കാതെ പാഴായത് 1.47 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കായി 3.39 കോടി രൂപയാണു പഞ്ചായത്തിനായി അനുവദിച്ചിരുന്നത്. ഇതിൽ 1.91 കോടി രൂപ മാത്രമാണു വിനിയോഗിച്ചത്. 43% തുക പാഴായി പോകാൻ കാരണം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ ആണെന്നാണു ആരോപണം.


വിവരാവകാശം പ്രകാരം ലഭിച്ച രേഖകളിലാണ് ഇത്രയും തുക നഷ്ടപ്പെടുത്തിയ വിവരം പുറത്തായത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണു കുമ്പള പഞ്ചായത്ത് ഭരിക്കുന്നത്. മുസ്‌ലിം ലീഗിനാണു പ്രസിഡന്റ് സ്ഥാനം. ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി യാത്രക്കാർ ദുരിതം പേറുമ്പോഴാണു റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കേണ്ട 1.13 കോടി രൂപ നഷ്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി, പുനരുദ്ധാരണ പദ്ധതികൾക്കാണ് സർക്കാർ ബജറ്റ് വിഹിതമായി റോഡ് മെയ്ന്റനൻസ് ഗ്രാന്റ് അനുവദിക്കുന്നത്. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം കുമ്പള പഞ്ചായത്തിൽ ഇതിനായി 1.71 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 58.14 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. ബാക്കി 1.13 കോടി രൂപ നഷ്ടപ്പെടുത്തിയത് പഞ്ചായത്തിലെ ഒട്ടേറെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ ഏറെ ബാധിച്ചു.


പഞ്ചായത്തിലെ കോയിപ്പാടി– കൊപ്പളം തീരദേശ റോഡ് ഉൾപ്പെടെ ഒട്ടേറെ റോഡുകൾ തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായിരിക്കെയാണു സർക്കാർ അനുവദിച്ച ഒരു കോടിയിലേറെ രൂപ പാഴാക്കിയത്. കോളനി ഉൾപ്പെടെ പഞ്ചായത്തിലെ പട്ടികവർഗ വികസനത്തിനായി 64.52 ലക്ഷം രൂപ മാറ്റിവച്ചതിൽ വിനിയോഗിക്കാതെ പാഴാക്കിയത് 4.86 ലക്ഷം രൂപയാണ്.


നോൺ റോഡ് മെയിന്റിനസിനായി 1.02 കോടിരൂപ അനുവദിച്ചതിൽ വിനിയോഗിക്കാത്തത് 30 ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെടുത്തിയത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങൾക്കിടയിൽ ഇത് വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

No comments