തൊഴിലറിയിപ്പുകളും സാധ്യതകളും കോളനികളിലേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ 'ദര്‍പ്പണം'
കാസർകോട്: ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ കോളനികളില്‍ മലയാളം, കന്നഡ, തുളു ഭാഷകളില്‍ വിവരവിനിമയം നടത്തുന്ന ദര്‍പ്പണം പദ്ധതിക്ക് തുടക്കമായി.
ജില്ലാ ഭരണകൂടം, പട്ടിക വര്‍ഗ്ഗ വകുപ്പ്, പട്ടികജാതി വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായാണ് ബഹുഭാഷാ വിനിമയത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. തൊഴില്‍ അവസരങ്ങളും ഉന്നതവിദ്യാഭ്യാസ സാധ്യതകളും പരിചയപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ദര്‍പ്പണം. ഒരു കോളനിയില്‍ ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി എസ്.സി, എസ്.ടി പ്രമോട്ടര്‍മാരിലൂടെ നടപ്പിലാക്കും. പദ്ധതിയുടെ നടത്തിപ്പിനായി കന്നട ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും.
ഇന്‍ഫര്‍മേഷന്‍ ഓഫീസ് കന്നട, തുളു, മലയാളം ഭാഷകളില്‍ പുറത്തിറക്കുന്ന തൊഴില്‍ അറിയിപ്പുകളും വിദ്യാഭ്യാസ അവസരങ്ങളും സംബന്ധിച്ച വോയ്സ് ക്ലിപ്പുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കോളനികളിലെത്തിക്കും. ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി ചേര്‍ന്ന് സ്വകാര്യ, സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്.സി, എസ്.ടി കുടുംബങ്ങളിലേക്ക് എത്തിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെയുള്ള വിവിധ പ്രചരണ പരിപാടികള്‍ എസ്.സി, എസ്.ടി വകുപ്പുകളുമായി ചേര്‍ന്ന് കോളനികളിലെത്തിക്കും.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി. യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച വിവിധ വകുപ്പുകളുടെ പദ്ധതികള്‍ സംബന്ധിച്ച് കന്നട ഭാഷയില്‍ പുറത്തിറക്കിയ പുസ്തകം പ്രമോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍(കാസര്‍കോട്) എം. മല്ലിക, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അസി.ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.വി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, എസ്.സി, എസ്.ടി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment