എന്താണ് ആമ്പർ ഗ്രിസ്?
വംശനാശഭീഷണി േനരിടുന്ന എണ്ണത്തിമിംഗിലത്തിൽനിന്ന് ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉത്പന്നമാണ് ആമ്പർ ഗ്രിസ്. തിമിംഗിലങ്ങളുടെ കുടലിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കൂടിച്ചേർന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആമ്പർ ഗ്രിസ്.
സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവ നിർമിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. വെറും ഒരുശതമാനം എണ്ണത്തിമിംഗിലങ്ങളിൽ മാത്രമാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടാണ് ഇതിനെ അപൂർവവസ്തുവായി കണക്കാക്കുന്നതും വിപണയിൽ വലിയ വില ലഭിക്കുന്നതും. എണ്ണത്തിമിംഗിലങ്ങളുടെ ചെറുകുടലിൽ ദഹിക്കാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങൾ, കുടലിലെ സ്രവങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ കൂടിച്ചേർന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ഇതിന്റെ ആദ്യരൂപം. ചിലപ്പോഴിവ തിമിംഗിലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആമ്പർ ഗ്രിസ് കുടൽ പൊട്ടി പുറത്തുവരാനും സാധ്യതയുണ്ട്. സ്വാഭാവികമായി മരണപ്പെടുന്ന തിമിംഗിലങ്ങളുടെ ശവം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽനിന്ന് ഇവ കടലിൽ എത്തും.
Post a Comment