JHL

JHL

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം; കരട് വോട്ടർപട്ടിക നവംബർ 9ന് പ്രസിദ്ധീകരിക്കും


അടുത്ത വർഷം ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയാവുന്ന യുവതീയുവാക്കൾക്ക് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് www.nvsp.in എന്ന വെബ്സൈറ്റിലൂടെയും വോട്ടർ ഹെൽപ് ലൈൻ എന്ന ആപ്പ് വഴിയും അപേക്ഷിക്കാം. പുതിയ താമസ സ്ഥലത്ത് പേര് ചേർക്കുന്നതിനും പട്ടികയിൽ നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും അപേക്ഷിക്കാം. കരട് വോട്ടർ പട്ടിക ഈ വർഷം നവംബർ 9ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ ഡിസംബർ 9 വരെ സ്വീകരിക്കും. ലഭിക്കുന്ന പരാതികളും അവകാശവാദങ്ങളും പരിശോധിച്ച് ഡിസംബർ 22ന് തീർപ്പ് കൽപിക്കും. തുടർന്ന് 2023 ജനുവരി 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ -2023 മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.ജില്ലയിലെ പോളിങ് സ്റ്റേഷനുകൾ പരിശോധിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പുനഃക്രമീകരണം സാധ്യമാക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ആർ.ജയാനന്ദ, ബിജു ഉണ്ണിത്താൻ, മൂസ ബി. ചെർക്കള, ജെ.ആർ.പ്രസാദ്, ഡപ്യൂട്ടി കലക്ടർ (ഇലക്‌ഷൻ) നവീൻ ബാബു തുടങ്ങിയവർ പങ്കെടുത്തു. 


ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ ‌കാർഡുമായി ബന്ധിപ്പിക്കാം


മണ്ഡലങ്ങളിലെ മുഴുവൻ വോട്ടർമാരെയും ആധാർ ലിങ്ക് ചെയ്യിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. www.nvsp.in എന്ന വെബ്സൈറ്റിലൂടെയോ വോട്ടർ ഹെൽപ്‌ലൈൻ എന്ന മൊബൈൽ ആപ്പ് വഴിയോ എല്ലാ വോട്ടർമാർക്കും തങ്ങളുടെ ആധാർ നമ്പർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാം. ഓൺലൈനായി ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തവർക്ക് ബൂത്ത് ലെവൽ ഓഫിസറുടെ സേവനം ആവശ്യപ്പെടാം.

No comments