എംഎസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനം പുരോഗമിക്കുന്നു: 40 ദിവസം കൊണ്ട് പരിശീലനം നേടിയത് നൂറിലേറെ കുട്ടികൾ.
മൊഗ്രാൽ. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷത്തെ നീന്തൽ പരിശീലനം മുടങ്ങിയത് മൂലം ഈ വർഷം എം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനത്തിനായി യെത്തുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമാ യി. ഇതിനകം നൂറോളം കുട്ടികൾക്ക് പരിശീലനം നൽകികഴിഞ്ഞു. നീന്തൽ പരിശീലനത്തിനായുള്ള അപേക്ഷകൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നതിനാൽ സെപ്റ്റംബർ അവസാനം വരെ പരിശീലനം തുടരാനാണ് എംഎസ് മുഹമ്മദ് കുഞ്ഞിയുടെ തീരുമാനം.
മൊഗ്രാൽ ദേശീയവേദി യുടെ സജീവ പ്രവർത്തകനും,മൊഗ്രാൽ ഇശൽഗ്രാമത്തിലെ കലാകാരനുമായ എം എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ഈ കാലയളവിൽ മൂവായിരത്തിലേറെ കുട്ടികളെയാണ് എംഎസ് മുഹമ്മദ് കുഞ്ഞി നീന്തൽ പരിശീലനം നൽകിയത് . നാട്ടിലെ മുഴുവൻ കുട്ടികളെയും നീന്തൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1991 മുതലാണ് മൊഗ്രാൽ കണ്ടത്തിൽപള്ളി കുളത്തിൽ സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കംകുറിച്ചത്. 8 വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലനത്തിന് പരിഗണിക്കുന്നത്.
വ്യായാമം, കായിക മികവ് എന്നതിനുപുറമെ നീന്തൽ ജീവിത രക്ഷയുടെ മാർഗ്ഗം കൂടിയാണെന്ന് എം എസ് മുഹമ്മദ് കുഞ്ഞി പറയുന്നു. വെള്ളത്തിൽ വീണുള്ള അപകടമരണങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ എം എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനത്തിന് ഏറെ പ്രാധാന്യവുമുണ്ട്.
ഫോട്ടോ: ഈ വർഷം നീന്തൽ പരിശീലനം നേടിയ കുട്ടികൾക്കൊപ്പം എം എസ് മുഹമ്മദ് കുഞ്ഞി.
Post a Comment