JHL

JHL

കാസർകോട് ജില്ലയിൽ തയ്യാറാകുന്നത് 3.36 ലക്ഷം ഓണക്കിറ്റുകൾ


കാസർകോട് : പൊതുവിതരണവകുപ്പിന്റെ ഓണക്കിറ്റുകൾ ചൊവ്വാഴ്ചമുതൽ വിതരണം ആരംഭിക്കുമ്പോൾ ജില്ലയിൽ തയ്യാറാക്കുന്നത് 3,36,324 കിറ്റുകൾ. പൊതുവിതരണവകുപ്പിന്റെ ഗോഡൗണുകളിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഓരോ വിഭാഗം കാർഡുടമകൾക്കും പ്രത്യേകം തീയതികൾ നിശ്ചയിച്ചാണ് റേഷൻകടകൾ വഴിയുള്ള കിറ്റുകളുടെ വിതരണം. ആദ്യഘട്ടത്തിൽ വിതരണം ചെയ്യേണ്ട കിറ്റുകൾ റേഷൻകടകളിലേക്കെത്തിച്ചു കഴിഞ്ഞുവെന്നും നിശ്ചിത തീയതിക്കുള്ളിൽ കിറ്റുകൾ വാങ്ങാൻ കഴിയാത്തവർക്കായി സെപ്റ്റംബർ നാലുമുതൽ ഏഴുവരെ വിതരണം നടത്തുമെന്നും ജില്ലാ സപ്ലൈ ഓഫീസർ എൻ.ജെ. ഷാജിമോൻ അറിയിച്ചു. ഓണത്തിനുശേഷം കിറ്റുകൾ ലഭ്യമാകില്ല. ക്ഷേമസ്ഥാപനങ്ങൾ, അഗതിമന്ദിരങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിലേക്കും കിറ്റുകൾ നൽകുന്നുണ്ട്. നാല് അന്തേവാസികൾക്ക് ഒന്നുവീതം 527 കിറ്റുകൾ പ്രത്യേകമായും വിതരണം ചെയ്യും. തുണിസഞ്ചിയുൾപ്പെടെ 14 അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകൾ ജില്ലയിലെ 383 റേഷൻകടകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 31015 മഞ്ഞ കാർഡ് (എ.എ.വൈ.) ഉടമകൾക്കാണ് കിറ്റ് വിതരണം. 25 മുതൽ 27 വരെ 114012 പിങ്ക് കാർഡുടമകൾക്കും (പി.എച്ച്.എച്ച്.), 29 മുതൽ 31 വരെ 98667 നീല കാർഡ് ഉടമകൾക്കും (എൻ.പി.എസ്.) കിറ്റുകൾ ലഭ്യമാകും. സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ 92456 വെള്ള കാർഡുടമകൾക്കും (എൻ.പി.എൻ.എസ്.) കിറ്റുകൾ റേഷൻകടകളിൽനിന്ന് വാങ്ങാം. ജില്ലാതല ‌ഉദ്ഘാടനം : റേഷൻകാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി അധ്യക്ഷയായി. എൻ.ജെ.ഷാജിമോൻ, എം.ഗംഗാധര, ഷിനോജ് ചാക്കോ, ഖാദർ ബദരിയ, എം.മനു, പി.ഖദീജ എന്നിവർ സംസാരിച്ചു.

No comments