JHL

JHL

രാഷ്ട്രത്തെ മുന്നോട്ട് നയിക്കാന്‍ രാഷ്ട്രശില്‍പ്പികള്‍ കാണിച്ച ഇച്ഛാശക്തി നമ്മുടെ തലമുറക്ക് പ്രചോദനമാകണം- മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍കാസർകോട്: രാജ്യം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോള്‍ നാം താണ്ടിയ വഴികളിലെ പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കന്‍ രാഷ്ട്രശില്‍പ്പികള്‍ പ്രദര്‍ശിപ്പിച്ച ഇച്ഛാശക്തി എക്കാലവും നമുക്ക് പ്രചോദനമാകണമെന്ന് തുറമുഖ-മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തിലെ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. 

പിഴച്ച ചുവട് വെപ്പുകളും അപഥസഞ്ചാരങ്ങളും ജനാധിപത്യപരമായി തന്നെ തിരുത്താന്‍ കഴിഞ്ഞുവെന്നതാണ് നമ്മുടെ ശക്തി. മനുഷ്യാവകാശങ്ങളുടെയോ പൗരസ്വാതന്ത്ര്യത്തിന്റെയോ മേല്‍ ആര് കൈവെച്ചാലും അതിനെതിരെ ഉയരുന്ന മുറവിളി ജീവസുറ്റ ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം തുടിക്കുന്ന ലക്ഷണമാണ്. ബഹുവിധ ചിന്താധാരകളെ പുല്‍കിയപ്പോഴും രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത നിറവേറ്റാന്‍ യാതനകളും വേദനകളും സഹിക്കുവാന്‍ ഒരു തലമുറയെ പ്രാപ്തമാക്കിയപ്പോഴാണ് രാജ്യത്തിന് വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചത്. പൗരന്മാരുടെ അന്തസാര്‍ന്ന ജീവിതവും നിലനില്‍പ്പും ഉറപ്പുവരുത്താന്‍ കെല്‍പ്പുള്ള ഭരണഘടനാ പ്രമാണങ്ങള്‍ എഴുതിയുണ്ടാക്കിയതിനൊപ്പം പ്രായോഗിക തലത്തില്‍ അതിന്റെ ചൈതന്യം നഷ്ടപ്പെടാതെ കാലാനുസ്ൃതമാക്കാന്‍ രാഷ്ട്രശില്‍പ്പികള്‍ ധൈര്യം കാണിച്ചു. ഭരണഘടനയുടെ മനസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട മൗലികാവകാശങ്ങള്‍ പരിരക്ഷിക്കാന്‍ നീതിപീഠങ്ങള്‍ക്കകത്തും പുറത്തും നിരന്തരമായി പോരാട്ടങ്ങള്‍ നടന്നു. വര്‍ധിത വീര്യത്തോടെ ഇന്നുമത് തുടരുകയാണ്. 

ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും വറുതിയില്‍ നിന്നും കോടിക്കണക്കിന് മനുഷ്യരെ കൈ പിടിച്ചുയര്‍ത്തുക എന്ന ഭാരിച്ച ചുമതലയാണ് ഭരണകര്‍ത്താക്കളില്‍ നിക്ഷിപ്തമായിരിക്കുന്നത്. അധികമൊന്നും കൊട്ടിഘോഷിക്കപ്പെടാതെ കുറെ വിപ്ലവങ്ങള്‍ ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടു. ഹരിത വിപ്ലവം തൊട്ട് ചന്ദ്രനോളം എത്തിയ ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിപ്പ് നാം സ്വായത്തമാക്കി. സചേതനമായ ഒരു രാജ്യത്തിന്റെ പ്രയാണത്തിലെ വര്‍ണാഭമായ അധ്യായങ്ങളാണ് അവയെല്ലാം. മാറുന്ന കാലത്തോടും ലോകത്തോടുമൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ് രാജ്യത്തിന്റെ മുക്കിലും മൂലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ലോകം അഠയാളപ്പെടുത്തുന്നുണ്ട്. നീതിയും സത്യവും സാഹോദര്യവും ക്ഷതമേല്‍ക്കാതെ കാത്തുസൂക്ഷിക്കപ്പെടണമെന്നും ആ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കില്ല എന്ന് പ്രതിജ്ഞ പുതുക്കാനുള്ള അവസരം കൂടിയാണ് സ്വാതന്ത്ര്യദിനമെന്നും മന്ത്രി പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണത്താന്‍ എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ്, സ്വാതന്ത്ര്യസമരസേനാനി കെ.എം.കെ നമ്പ്യാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

No comments