JHL

JHL

പഞ്ചലോഹ വിഗ്രഹം കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

 


മഞ്ചേശ്വരം ∙ ക്ഷേത്രത്തിൽ നിന്നു പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണവും കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മജിബയൽ ലക്ഷ്മി വില്ലയിലെ ലക്ഷ്മീശ ഭണ്ഡാരിയെ (40) ആണു ഡിവൈഎസ്പി വി.വി.മനോജ്, സിഐ കെ.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഹൊസങ്കടിയിലെ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ കുത്തിത്തുറന്നാണു പഞ്ചലോഹ വിഗ്രഹവും 3 ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണവും കവർന്നത്.


രണ്ടരയടി ഉയരവും 5 കിലോഗ്രാമിലധികം തൂക്കവുമുള്ളതുമായ വിഗ്രഹവും ഭണ്ഡാരവും സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. ഭണ്ഡാരത്തിൽ പണം ഉണ്ടായിരുന്നില്ല. കവർന്ന പണം പ്രതിയുടെ വീട്ടിൽ നിന്നു ഇന്നലെ കണ്ടെത്തി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും ആയുധവും കണ്ടെത്തി. ക്ഷേത്രത്തിനു സമീപത്തെ വിഎച്ച്പി ഓഫിസിൽ മോഷണം നടത്തിയതും ഇയാളാണെന്നു ഡിവൈഎസ്പി വി.വി.മനോജ് പറഞ്ഞു. മഞ്ചേശ്വരത്തും കർണാടകയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്ഐ കെ.ഷറഫുദ്ദീൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ ഓസ്റ്റിൻ തമ്പി, കെ.രാജേഷ്, പ്രതീഷ് ഗോപാൽ, ഹരീഷ്, സജീഷ്, ഡി.ശിവകുമാർ, ശ്രീജിത്ത്, അനുപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു



No comments