JHL

JHL

'ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യ' സിൽവർ ജൂബിലി പുരസ്‌കാര ജേതാവ് എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു



മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും  എക്സൈസ്  പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.

വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി  നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായിട്ടാണ് മൊഗ്രാൽ ദേശീയവേദി രഘുനാഥനെ ആദരിച്ചത്.

എ.കെ.എം അഷറഫ് എം.എൽ.എ ഷാളണിയിച്ച് പ്രശസ്തി പത്രം സമ്മാനിച്ചു.
ആധുനിക സമൂഹത്തെ ദിനംപ്രതി കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെ ലഹരി വിമുക്ത മിഷൻ ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ  രഘുനാഥൻ നടത്തിവരുന്ന സന്ധിയില്ലാ സമരം ഏറെ മഹത്തരവും ശ്ലാഘനീയവുമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി 2022 ഫെബ്രുവരിയിൽ നടത്തിയ ഏകദിന ഗ്രാമസഞ്ചാര പദയാത്രയിൽ  രഘുനാഥൻ ആദ്യാന്ത്യം പങ്കാളിയായത്, മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം അദ്ദേഹം ജീവിതലഹരിയാക്കി മാറ്റിയിരിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

ദേശീയവേദി പ്രസിഡന്റ്‌ എ.എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.  പ്രവാസി വ്യവസായി അബ്ദുല്ലകുഞ്ഞി സ്പിക്  മുഖ്യാതിഥിയായിരുന്നു. ജന. സെക്രട്ടറി ടി.കെ ജാഫർ രഘുനാഥനെ പരിചയപ്പെടുത്തി.
പി മുഹമ്മദ്‌ നിസാർ, സയ്യിദ് ഹാദി തങ്ങൾ,മാഹിൻ മാസ്റ്റർ, സെഡ്. എ മൊഗ്രാൽ, ടി.എം ഷുഹൈബ്,കെ.എം മുഹമ്മദ്‌,പി. എ ആസിഫ്, എം.എം റഹ്‌മാൻ, മുഹമ്മദ്‌ സ്മാർട്ട്‌,റിയാസ് മൊഗ്രാൽ, എം.വിജയകുമാർ പ്രസംഗിച്ചു.

No comments