JHL

JHL

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് 10 വർഷം കഠിനതടവ് ശിക്ഷ


ഉഡുപ്പി: പതിനാലുകാരനെ വെള്ളച്ചാട്ടത്തില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ കുന്താപുരത്തെ മാധ്യമപ്രവര്‍ത്തകനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കുന്താപുരത്തെ ചന്ദ്ര കെ. ഹെമ്മാഡിയെയാണ് ജില്ലാ അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2018 ജൂണില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയി ഫോട്ടോ എടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിന് ഹെമ്മാഡിക്കെതിരെ ബൈന്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടരുന്നു. 2018 നവംബര്‍ 28നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്നത്തെ ബൈന്തര്‍ എസ്.ഐ പരമേശ്വര്‍ ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 21 സാക്ഷികളില്‍ 14 പേരെ വിസ്തരിച്ചു. പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജഡ്ജി ശ്രീനിവാസ് സുവര്‍ണ ചന്ദ്ര കെ ഹെമ്മാഡിക്ക് 10 വര്‍ഷം തടവും 1000 രൂപ പിഴയും വിധിക്കുകയായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് പരിശീലനം നല്‍കാനെന്ന വ്യാജേന ചന്ദ്ര സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. 21 ആണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹെമ്മാഡിക്കെതിരെ ബൈന്തരില്‍ 16 കേസുകളും ഗംഗോല്ലിയില്‍ മൂന്ന് കേസുകളും കുന്താപുരം റൂറല്‍, കൊല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഓരോന്നും കേസുകളെടുത്തു. 21 കേസുകളില്‍ 11 എണ്ണത്തിലും ഹെമ്മാഡി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ എട്ട് കേസുകളില്‍ ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.

No comments