JHL

JHL

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ചെർക്കള ഒരുങ്ങി : വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു


ചെര്‍ക്കള: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 2, 3 തിയ്യതികളിലായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകളിലായി മൂവ്വായിരത്തോളം കുട്ടികളാണ് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മാറ്റുരക്കുന്നത്. 2ന് നടക്കുന്ന സാമൂഹ്യ ശാസ്ത്ര മേളയില്‍ പതിനാല് ഇനങ്ങളിലായി ഇരുന്നൂറ്റി അറുപതോളം കുട്ടികളും, ഗണിത ശാസ്ത്ര മേളയില്‍ ഇരുപത്തിനാല് ഇനങ്ങളിലായി നാനൂറ് കുട്ടികളും ഐ.ടി മേളയില്‍ അഞ്ചിനങ്ങളിലായി ഇരുന്നൂറ്റി ഇരുപത് കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തോളം കുട്ടികള്‍ ഒന്നാം ദിവസം മത്സര രംഗത്തുണ്ട്. 3ന് നടക്കുന്ന പ്രവൃത്തി പരിചയ മേളകള്‍ക്കായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗവും ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ്സ ഹാളും സാമൂഹ്യ ശാസ്ത്ര മേള ശാസ്ത്ര മേള എക്‌സിബിഷന്‍ നടത്തുന്നതിനായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗവും ഐ.ടി മേള നടത്തുന്നതിനായി മാര്‍ത്തോമ ബധിര വിദ്യാലയവും സൗകര്യമൊരുക്കിയിട്ടുണ്ട്.ചെര്‍ക്കള ടൗണില്‍ ശാസ്‌ത്രോത്സവ വിളംബര ഘോഷയാത്ര നടത്തി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യം അമൃത് മഹോത്സവത്തിന്റെ 75-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 75 പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയും സംഘടിപ്പിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ അധ്യക്ഷത വഹിക്കും.

No comments