JHL

JHL

200 രൂപക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം; ഒരു വർഷം കഴിഞ്ഞാൽ 1200 മുടക്കണം

 

നിലവിൽ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. പി.വി.സി പെറ്റ് ജി കാർഡ് ലൈസന്‍സ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. പരിവാഹൻ വെബ്സൈറ്റിലൂടെ കാര്‍ഡ് മാറ്റാനുള്ള അപേക്ഷ നല്‍കിയാൽ മതി. പുതിയ ലൈസന്‍സ് തപാലില്‍ ലഭിക്കാൻ അതിനുള്ള തുക കൂടി അടക്കണം.

ഒരു വര്‍ഷത്തേക്കാണ് ഈ ഇളവ്. അതുകഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള 1200 രൂപയും തപാൽ ചാർജും നല്‍കേണ്ടിവരും. മേയ് മുതല്‍ വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. നിലവിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകൾ ഒരു വർഷത്തിനുള്ളിൽ സ്മാർട്ട് കാർഡാക്കാനും 200 രൂപയും പോസ്റ്റൽ ചാർജും നൽകിയാൽ മതി.

ഏഴ് സുരക്ഷ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാർഡിലുള്ള ലൈസൻസ് ആണ് നിലവിൽ വന്നത്. മികച്ച അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങള്‍ മായില്ല. സീരിയൽ നമ്പർ, യു.വി എംബ്ലംസ്, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യു.ആര്‍ കോഡ് എന്നിങ്ങനെയാണ് പ്രധാന സുരക്ഷ ഫീച്ചറുകൾ. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന്‍റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.


No comments