മൊഗ്രാൽ നാങ്കി കടപ്പുറത്ത് കടൽഭിത്തിക്ക് ഇറക്കിയ കല്ലുകൾ സ്വകാര്യവ്യക്തികളുടെ റിസോർട്ട് സംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ നീക്കം നടക്കുന്നതായി ആക്ഷേപം.
കുമ്പള(www.truenewsmalayalam.com) : കടൽഭിത്തി നിർമിക്കുന്നതിനായി ഇറക്കിയ കല്ലുകൾ അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികളുടെ റിസോർട്ട് സംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ നീക്കം നടക്കുന്നതായി ആക്ഷേപം.
കാലവർഷത്തിൽ കടലേറ്റം രൂക്ഷമായി അനുഭവപ്പെടുന്ന കുമ്പളയിലെ തീരദേശമേഖലയിൽ തുറമുഖ ഫണ്ട് ഉപയോഗപ്പെടുത്തി ഇറക്കിയ കല്ലിനെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്.
കോയിപ്പാടി, പെർവാഡ് കടപ്പുറം, നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം പ്രദേശങ്ങളിൽ നൂറുമീറ്ററോളം കര കടലെടുക്കുകയും വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ ഉണ്ടാകുകയും പതിവാണ്. തീരസംരക്ഷണത്തിന് പദ്ധതികൾ വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കല്ല് മറ്റൊരു കാര്യത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്.
മൊഗ്രാൽ നാങ്കി കടപ്പുറത്ത് ചെറുകിട ജലസേചനവകുപ്പ് ഫണ്ട് ഉപയോഗപ്പെടുത്തി കടൽഭിത്തി നിർമിക്കുന്നതിന് കഴിഞ്ഞവർഷമാണ് തുക അനുവദിച്ചുകിട്ടിയത്. എന്നാൽ, ഇറക്കിയ കല്ലുകൾ ചെറുതാണെന്നും അത് കടൽഭിത്തി നിർമാണത്തിന് പര്യാപ്തമല്ലെന്നും കാണിച്ച് പ്രദേശവാസികൾ അന്ന് നിർമാണത്തിനെതിരേ രംഗത്തുവന്നിരുന്നു.
Post a Comment