പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.
തിരുവനന്തപുരം(www.truenewsmalayalam.com) : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശിൽനിന്ന് വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം അഞ്ചരക്ക് റോഡ് ഷോയിലും ആറിന് തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന ‘യുവം’ കോൺക്ലേവിലും പങ്കെടുക്കും. തുടർന്ന് രാത്രി ഹോട്ടൽ താജ് മലബാറിലെത്തി അവിടെ തങ്ങും. ഇതിനിടയിൽ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുമായും കൂടിക്കാഴ്ച നടത്തും.
25ന് രാവിലെ 9.10ന് ഹോട്ടലിൽനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 9.25ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേരുന്ന പ്രധാനമന്ത്രി റോഡുമാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. തുടർന്ന് 10.30ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിജിറ്റൽ സയൻസ് പാർക്ക്, കോഴിക്കോട്, വർക്കല, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെർമിനൽ വികസനം, കൊച്ചി വാട്ടർ മെട്രോ, ഡിണ്ടിഗൽ- പളനി- പാലക്കാട് സെഷൻ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും.
തുടർന്ന് 12.40ന് വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി സൂറത്തിലേക്ക് മടങ്ങും.
Post a Comment