JHL

JHL

മാലിന്യ പ്രശ്നം; ഉടൻ പരിഹരിച്ചില്ലെങ്കിൽ മംഗൽപാടി പഞ്ചായത്ത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കും-കളക്ടർ.



കാസർകോട്(www.truenewsmalayalam.com) : മാലിന്യ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മംഗൽപാടി പഞ്ചായത്ത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് പഞ്ചായത് ഭരണസമിതിക്ക് ഉത്തരവ് കൈമാറിയതായും കലക്ടർ പറഞ്ഞു. 

സംസ്ഥാന സർകാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിക്കാൻ കലക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കലക്ടർ. പഞ്ചായത് ഡെപ്യൂടി ഡയറക്ടറുമായും ഭരണ സമിതിയോടും ഇത് സംബന്ധിച്ച കാര്യങ്ങൾ പല തവണ ചർച നടത്തിയിട്ടുണ്ട്. മാലിന്യ നീക്കം ഉറപ്പുവരുത്തണമെന്ന് ശക്തമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പഞ്ചായത് പല നടപടികളും സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. 500 ഓളം വീടുകളിൽ എത്തി നോടീസ് കൈമാറി. ഇതുകൂടാതെ അപാർട്മെന്റുകളിലെ താമസക്കാരോടും മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടർ കൂട്ടിച്ചേർത്തു.

മംഗൽപാടിയിലെ മാലിന്യ പ്രശ്‌നം ഗൗരവമേറിയ വിഷയമായത് കൊണ്ടാണ് സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും സ്ഥലത്തും നടപ്പാക്കിയിട്ടില്ലാത്ത രീതിയിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും കലക്ടർ പറഞ്ഞു. മാർച് ഏഴിനാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പഞ്ചായതിന് നൽകിയത്. കേരള ദുരന്ത നിവാരണ ആക്ട് പ്രകാരമാണ് പഞ്ചായതിന് ഇതുസംബന്ധിച്ചുള്ള ഉത്തരവ് കൈമാറിയത്.
മാലിന്യ നീക്കത്തിന് ഒരുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. മെയ്  എട്ടിനാണ് ഇതുസംബന്ധിച്ചുള്ള അവലോകന യോഗം നടക്കുക. ഈ യോഗത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം പരിശോധിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും കലക്ടർ വ്യക്തമാക്കി.

No comments