JHL

JHL

ബസ്സുകൾ സമയക്രമം പാലിക്കുന്നില്ല: കർണാടക കെഎസ്ആർടിസി ബസ്സുകൾ കുമ്പള ബസ്റ്റാൻഡിൽ പ്രവേശിക്കുന്നത് രണ്ടോ മൂന്നോ ബസ്സുകൾ ഒന്നിച്ച്.

ഫോട്ടോ: കുമ്പള ബസ്റ്റാൻഡിൽ നിർത്താതെ സൈറൺ മുഴക്കിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ...

കുമ്പള(www.truenewsmalayalam.com) : കർണാടക കെഎസ്ആർടിസി ബസ്സുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതായി ആക്ഷേപം. കാസറഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മംഗലാപുരത്തേക്ക് തിരിക്കുന്ന ബസുകൾ കറണ്ടക്കാട് വഴി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച് മംഗലാപുരത്തേക്ക് പോകാറാണ് പതിവ്. എന്നാൽ ചില കെഎസ്ആർടിസി ബസുകൾ ഓൾഡ് പ്രസ്സ് ക്ലബ്ബ് ട്രാഫിക് ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നുണ്ട്. ചില ബസ്സുകളാകട്ടെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ കറണ്ടക്കാട് വഴി നേരെ മംഗലാപുരത്തേക്ക് പോകുന്നു. ഇത് കാരണം ബസ്സുകൾ ഒന്നിച്ചുള്ള ഓട്ടത്തിന് കാരണമാവുന്നുവെ ന്നാണ് ആക്ഷേപം.

 ഇങ്ങനെ ഒന്നിച്ചു വരുന്ന ബസ്സുകൾ കുമ്പളയിലെ ഇടുങ്ങിയ ബസ്റ്റാൻഡിൽ പ്രവേശിക്കുന്നത് വലിയ തോതിൽ ഗതാഗത സ്തംഭനത്തിന്  കാരണമാവുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി ബസ്റ്റാൻഡിൽ എത്തുന്ന ബസ്സുകൾ മുൻപിലുള്ള ബസ്സുകളോട് സ്റ്റാൻഡ് വിടാൻ നിർത്താതെ സൈറൺ മുഴക്കുന്നത് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഏറെ പ്രയാസവും ഉണ്ടാക്കുന്നു. ഇങ്ങനെ സൈറൻ മുഴക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ കുമ്പള ബസ് സ്റ്റാൻഡിൽ അൽപനേരം ബസ് ജീവനക്കാരും, യാത്രക്കാരനും വാകേറ്റ തിനും,കയ്യാങ്കളിക്കും വഴിവെച്ചു.

 യാത്രക്കാരനെ ബസ് ജീവനക്കാർ ആദ്യം മർദ്ദിച്ചുവെന്ന് പറയുന്നു. എന്നാൽ സൈറൺ മുഴക്കിയ ബസ് ഡ്രൈവറെ ബസ്റ്റാൻഡിൽ  ബസ്സ് കാത്തുനിന്ന യുവാവ് മർദ്ദിക്കുകയായിരുന്നുവെ ന്നാണ് ബസ്സ് ജീവനക്കാർ പറയുന്നത്. ബസ് ജീവനക്കാർ ബസ് സർവീസ് അവസാനിപ്പിച്ച് യുവാവിനെതിരെ  കുമ്പള പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

 കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിച്ച് സർവീസ് നടത്തിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് യാത്രക്കാരും ടൗണിലെ വ്യാപാരികളും പറയുന്നു. സമയക്രമം തെറ്റിച്ച് ഒന്നിച്ച് ബസ്സുകൾ ഓടുന്നത് കാരണം പിന്നീട് 15 മിനിറ്റ് ഓളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു.

No comments