JHL

JHL

കേരളത്തിൽ വന്ദേഭാരതിൽ ലാഭം 25 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രം; ടിക്കറ്റ് നിരക്ക് ആറിരട്ടിയിലേ​റെ.

തിരുവനന്തപുരം(www.truenewsmalayala.com) : ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കേരളത്തിന് അനുവദിച്ചെങ്കിലും വളരെ കുറഞ്ഞ വേഗതയിലാകും ഇത് സഞ്ചരിക്കുകയെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. നിലവിൽ ഈ റൂട്ടിലുള്ള മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യു​മ്പോൾ 25 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് ലാഭിക്കാൻ കഴിയുക. ടിക്കറ്റ് നിരക്കാകട്ടെ നിലവിലുള്ള എ.സി ട്രെയിനുക​ളേക്കാൾ ഇരട്ടി​യിലേറെ നൽകുകയും വേണം. ജനശതാബ്ദി സെക്കൻഡ് സിറ്റിങ്ങിനെ അപേക്ഷിച്ച് ആറിരട്ടിയിലേറെയാണ് നിരക്ക്.

മണിക്കൂറില്‍ 160 കിലോമീറ്ററാണ് രാജ്യത്തെ വന്ദേ ഭാരതിന്റെ പ്രഖ്യാപിത വേഗത. എന്നാൽ 500 കി.മീ ​ദൈർഘ്യമുള്ള കണ്ണൂർ -തിരുവനന്തപുരം റൂട്ട് പിന്നിടാൻ വന്ദേ ഭാരതിന് 7.30 മണിക്കൂർ എടുക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. യാത്രാ ഷെഡ്യൂൾ റെയിൽവെ പുറത്തുവിട്ടാൽ മാത്രമേ ഇക്കാര്യം അന്തിമമായി പറയാൻ കഴിയൂ.

നിലവിൽ ലഭ്യമായ വിവരമനുസരിച്ച് ഈ റൂട്ടിൽ മണിക്കൂറിൽ ശരാശരി 66.66 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് സഞ്ചരിക്കുക. അതായത് പ്രഖ്യാപിത വേതയുടെ പകുതി പോലും ട്രെയിൻ കൈവരിക്കില്ല. വർഷങ്ങളായി രാജധാനി എക്സ്പ്രസ് ഈ റൂട്ടിൽ മണിക്കൂറിൽ 62.5 കി.മീ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ്, അഡ്വാൻസ്ഡ് സെമി-സ്പീഡ് ട്രെയിൻ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന വന്ദേ ഭാരത് ഇതിനോടടുത്ത വേഗതയിൽ മാത്രം സഞ്ചരിക്കുന്നത്.

നിലവിലുള്ള രാജധാനി എക്സ്പ്രസാവട്ടെ, 7.57 മിനുട്ട് ​കൊണ്ട് ഈ ദൂരം പിന്നിടുന്നുണ്ട്. ഗരീബ് രഥ് എക്സ്പ്രസ് 8.42 മണിക്കൂറും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 9.35 മണിക്കൂറുമാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്ന സമയം.


ജനശതാബ്ദിയിൽ കണ്ണൂർ -തിരുവനന്തപുരം യാത്രക്ക് സെക്കൻഡ് സിറ്റിങ്ങിന് 220 ​രൂപയും എ.സി ചെയർ കാറിന് 755 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, വന്ദേഭാരതിൽ ശരാശരി 1300 രൂപയും (എ.സി ചെയർ കാർ) 2400 രൂപയും (എക്സിക്യൂട്ടീവ് ചെയർ കാർ) നൽകേണ്ടി വരും.

മറ്റുസംസ്ഥാനങ്ങളിലെ വന്ദേ ഭാരത് വേഗത

ഡൽഹി -വാരണാസി റൂട്ടിൽ 770 കി.മീ. ദൂരം ഓടാൻ 8 മണിക്കൂർ മാത്രമാണ് വന്ദേഭാരത് എടുക്കുന്നത്. കേരളത്തിലേതിനേക്കാൾ 20 കി.മീ കൂടുതൽ ദൈർഘ്യമുള്ള ഗാന്ധിനഗർ-മുംബൈ റൂട്ടിലാകട്ടെ 6 മണിക്കൂർ 15 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് 520 കിലോമീറ്റർ പിന്നിടുന്നത്.


ടിക്കറ്റ് നിരക്ക് 1,300 / 2,400 രൂപ ?

എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ചെയർ കാർ എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് വന്ദേഭാരതിലുള്ളത്. ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസിൽ കിലോമീറ്ററിന് എസി ചെയർ കാറിൽ 2.53രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിൽ 4.64 ​രൂപയും നൽകണം. 520 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ എസി ചെയർ കാറിന് 1,320 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2,415 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഏതാണ്ട് ഇതേ ദൂരമുള്ള കേരളത്തിൽ കണ്ണൂർ -തിരുവനന്തപുരം യാത്രക്ക് ഇതേ നിരക്ക് തന്നെയാവും ഈടാക്കുക. നേരിയ ഏറ്റക്കുറച്ചിൽ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ന്യൂഡൽഹി -വാരണാസി വന്ദേ ഭാരത് എക്സ്പ്രസിൽ എസി ചെയർ കാർ ടിക്കറ്റിന് 1,670 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റിന് 3,075 രൂപയുമാണ് നിരക്ക്. അതായത് യഥാക്രമം കിലോമീറ്ററിന് 2.16 രൂപയും 3.99 ​രൂപയും നൽകണം. കാൺപൂർ, പ്രയാഗ്രാജ് എന്നീ രണ്ട് സ്റ്റേഷനുകളിൽ മാത്രമാണ് ഈ ട്രെയിൻ നിർത്തുന്നത്.


2019 ഒക്ടോബർ 3 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്ത ഡൽഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 8 മണിക്കൂറിനുള്ളിൽ 650 കി.മീറ്ററാണ് പിന്നിടുന്നത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ച രണ്ട് മണിക്ക് കത്രയിൽ എത്തിച്ചേരും. അംബാല കാന്റ്, ലുധിയാന, ജമ്മു താവി എന്നീ മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്.


ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേതുമായ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് കാട്പാടിയിലും കെആർഎസ് ബെംഗളൂരുവിലുമായി രണ്ട് സ്റ്റോപ്പുകൾ ഉണ്ട്. ചെന്നൈയിൽ നിന്ന് പുലർച്ചെ 5:50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:20 നാണ് മൈസൂരുവിലെത്തുക. 6.30 മണിക്കൂറാണ് യാത്രാ സമയം. എസി ചെയർ കാർ ടിക്കറ്റിന് 1,270 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2,290 രൂപയുമാണ് നിരക്ക്.


രാജ്യത്ത് സര്‍വിസ് ആരംഭിച്ച ആദ്യ 10 വന്ദേ ഭാരത് എക്‌സ്പ്രസുകൾ:

ന്യൂഡല്‍ഹി-വാരണാസി ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര വന്ദേ ഭാരത് എക്‌സ്പ്രസ്


മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ തലസ്ഥാനമായ വന്ദേ ഭാരത് എക്‌സ്പ്രസ്


ന്യൂഡല്‍ഹി-അംബ് അന്ദൗര വന്ദേ ഭാരത് എക്‌സ്പ്രസ്


എംജിആര്‍-ചെന്നൈ സെന്‍ട്രല്‍-മൈസൂരു ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


ബിലാസ്പൂര്‍ ജംഗ്ഷന്‍-നാഗ്പൂര്‍ ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


ഹൗറ ജംഗ്ഷന്‍-പുതിയ ജല്‍പായ്ഗുരി ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


വിശാഖപട്ടണം ജംഗ്ഷന്‍-സെക്കന്തരാബാദ് ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്-സോളാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്


ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്-സായ്‌നഗര്‍ ഷിര്‍ദി വന്ദേ ഭാരത് എക്‌സ്പ്രസ്


വേഗത കുറയാനുള്ള കാരണങ്ങൾ:

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ റെയിൽ പാതയിലുള്ള 626 വളവുകളാണ് വേഗത കുറയാനുള്ള പ്രധാന കാരണം​. കൂടാതെ കാലപ്പഴക്കം ചെന്ന പാലങ്ങളും വില്ലനാണ്. ഓട്ടോമാറ്റിക്​ സിഗ്​നലിങ്​ സംവിധാനവും വേഗത ​കൈവരിക്കാൻ അനിവാര്യമാണ്.


മൊത്തം പാതയുടെ 36 ശതമാനവും വളവുകളാണ്​. വളവുകൾ നിവർത്താനും വേഗം വർധിപ്പിക്കാനും ദക്ഷിണ റെയിൽവേ നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. എറണാകുളം -ഷൊർണൂർ സെക്​ഷനിൽ 80 കിലോമീറ്ററിലേ ഓടൂ. തിരുവനന്തപുരം-എറണാകുളം കായംകുളം വഴി 100 കിലോമീറ്ററും കോട്ടയം വഴി 90 കിലോമീറ്ററും ആകും വേഗം. ഷൊർണൂർ-കണ്ണൂർ പാതയിൽ മാത്രമാണ്​ 110 കിലോമീറ്റർ വേഗത്തിലെങ്കിലും ഓടുക. ​


No comments