JHL

JHL

വന്ദേ ഭാരത് കാസർഗോഡ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തം.

കാസർഗോഡ്(www.truenewsmalayalam.com) : വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെ മാത്രമാണ് സർവീസ് നടത്താൻ സാധ്യതയെന്ന് സൂചനകൾ പുറത്തു വന്നതോടെ ട്രെയിനിനു കാസർഗോഡ്  സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തം.

 സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന ട്രെയിനുകളിൽ ഏറെയും കാസർഗോഡ്  സ്റ്റേഷനെ ഒഴിവാക്കി ഓടുന്ന സാഹചര്യം മുൻനിർത്തിയാണ് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നത്.

ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിലുള്ളവർക്കു തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും പകൽ യാത്രയ്ക്ക് വന്ദേഭാരത് ഗുണകരമാവുമെന്നാണു യാത്രക്കാർ പറയുന്നത്. നിലവിൽ സംസ്ഥാനത്ത് ഓടുന്ന പല ട്രെയിനുകളും യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കണ്ണൂരിലാണ്. മേയ് പകുതിയോടെ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്താനാണു റെയിൽവേ ആലോചിക്കുന്നത്.

വന്ദേഭാരത് ട്രെയിനിന്റെ റേക്കുകളുടെ അറ്റകുറ്റപ്പണികൾ മംഗളൂരു സെൻട്രലിൽ നടത്താൻ റെയിൽവേ പാലക്കാട് ഡിവിഷൻ ടെൻഡർ ക്ഷണിച്ചത് മംഗളൂരുവിലെ നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് എന്ന സൂചനയുണ്ട്. എന്നാൽ റെയിൽവേ ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചില്ല. 

ഈ മാസം 17 വരെയാണു ടെൻഡർ നടപടികൾ. ടെൻഡർ നേടുന്ന കരാറുകാരന് തുടർന്നുള്ള 6 മാസത്തോളം സമയം മറ്റു ക്രമീകരണങ്ങൾ ഒരുക്കാനായി അനുവദിക്കും. മംഗളൂരുവിലെ 3 പിറ്റ്‍ലൈനുകളിൽ പഴയതിലാണു വന്ദേഭാരതിനായി ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽവേയിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി റിപ്പോർട്ട് തേടിയിരുന്നു.

വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. സംസ്ഥാനത്തെ ട്രാക്കുകളിൽ 110 കിലോമീറ്റർ വേഗം ലഭിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടുത്തിടെ മംഗളൂരുവിൽ എത്തിയപ്പോൾ നടത്തിയ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നു. ട്രെയിൻ കടന്നു പോകുന്ന എല്ലാം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ ചെറിയ സമയത്തിനുള്ളിൽ നിശ്ചിത സ്റ്റേഷനുകളിലെത്താൻ പ്രയാസമാകുമെന്നാണ് റെയിൽവേ പറയുന്നത്.

മുൻകാലങ്ങളിൽ രാജധാനി ഉൾപ്പെടെയുള്ള പല ട്രെയിനുകൾക്കും കാസർഗോഡ്  സ്റ്റോപ്പ് ഇല്ലായിരുന്നു. ആ ട്രെയിനുകളിൽ  കയറാനുള്ള യാത്രക്കാർ കണ്ണൂർ അല്ലെങ്കിൽ മംഗളുരൂവിൽ പോവുകയായിരുന്നു പതിവ്. അതുപോലെ ആദ്യഘട്ടത്തിൽ കാസർഗോഡ് സ്റ്റോപ്പ് അനുവദിക്കാതെ കണ്ണൂർ അല്ലെങ്കിൽ മംഗളുരു എന്നിവിടങ്ങളിൽ പോയി കയറേണ്ട സ്ഥിതിയുണ്ടാകാനും സാധ്യത ഏറെയുണ്ട്.

മംഗളുരൂവിൽ നിന്നു പകൽ തിരുവനന്തപുരത്തേക്ക് രാവിലെയുള്ള പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ മാത്രമാണുള്ളത്. ഈ ട്രെയിനുകൾക്കു ശേഷം വൈകിട്ട് മംഗളൂരു–തിരുവനന്തപുരം, മലബാർ, മാവേലി എക്സ്പ്രസ് ട്രെയിനുകളാണുള്ളത്. അത്യാവശ്യ യാത്രയ്ക്കായി തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ഭാഗത്തെ വിവിധ ജില്ലകളിൽ  പോകുന്നതിനായി റിസർവേഷൻ കിട്ടാത്തതിനാൽ ജനറൽ ടിക്കറ്റെടുത്ത് പോവുകയാണു പതിവ്. തിരുവനന്തപുരം ആർസിസി, സെക്രട്ടേറിയറ്റ്, വിവിധ വകുപ്പുകളുടെ ആസ്ഥാനമന്ദിരം ഉൾപ്പെടെ തിരുവനന്തപുരത്ത് ആയതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ ഏറെയാണ്.

ഇതിനു പുറമേ ജില്ലയിലെ സർക്കാർ ജീവനക്കാരിൽ ഏറെയും തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. അതിനാൽ വന്ദേഭാരത് ട്രെയിനിൽ കാസർകോട് നിന്നുള്ള യാത്രക്കാർക്ക് ആശ്വാസകരമാവും. ദക്ഷിണകന്നഡ ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഈ ട്രെയിനിനെ ആശ്രയിക്കും.

‘കാസർകോട് സ്റ്റോപ് വേണം’

വന്ദേ ഭാരത് എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പോടു കൂടി മംഗളൂരു വരെ നീട്ടണമെന്ന് മുസ്‍ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ  സെക്രട്ടറി എ.ജി.സി.ബഷീർ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, ടി.എ.മൂസ, അബ്ദുറഹ്‌മാൻ വൺ ഫോർ, എം.അബ്ബാസ്, എ.ബി ശാഫി, ടി.സി.എ.റഹ്‌മാൻ, കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി എന്നിവർ  പ്രസംഗിച്ചു.

അവഗണനതുടരുന്നു

റെയിൽവേയും ജില്ലയോടു അവഗണന തുടരുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അഭിപ്രായപ്പെട്ടു. വന്ദേഭാരത്‌ എക്സ്‌പ്രസും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ കാസർകോട്ട് സ്റ്റോപ്പ് അനുവദിച്ച് മംഗളൂരു വരെ ട്രെയിൻ നീട്ടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

No comments