വന്ദേഭാരത് എക്സ്പ്രസ്; സ്വീകരിക്കാനൊരുങ്ങി കാസർഗോഡ്
ഇന്നു രാവിലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റു വാങ്ങിയാകും വന്ദേഭാരത് കാസർഗോടെത്തുന്നത്. മൂന്നാം പ്ലാറ്റ്ഫോം അലങ്കരിച്ച് സ്വീകരണം ഒരുക്കും. വൈകിട്ട് 7നു ശേഷം കലാപരിപാടികൾ ഉൾപ്പെടെ നടക്കും. എംപി, എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
രാത്രി 9.15ന് കാസർകോടെത്തുന്ന ട്രെയിൻ 10.30ന് കണ്ണൂരിലേക്കു പോകും. ഇന്നു രാത്രി ട്രെയിൻ നിർത്തിയിടുന്നത് കണ്ണൂരിലായിരിക്കും. ഒട്ടേറെ ജീവനക്കാർ ട്രെയിനിലുണ്ട്. അവർക്കെല്ലാം താമസ സൗകര്യമൊരുക്കുന്നതിന് കാസർഗോഡ് അസൗകര്യങ്ങളുണ്ട്. കാസർകോട് 3ാം പ്ലാറ്റ്ഫോം പുറത്തെ റോഡരികിലാണ്.
അതിനാൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും പ്രയാസമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇന്ന് കണ്ണൂരിലേക്കു തിരികെ പോകുന്നത്. നാളെ ഉച്ചയോടെ കണ്ണൂരിൽ നിന്ന് ട്രെയിൻ കാസർകോടെത്തും. വെള്ളിയാഴ്ച മുതൽ പകൽ സമയം ഒരു മണിക്കൂർ മാത്രമാണ് വന്ദേഭാരതിനു കാസർകോട് സ്റ്റോപ്പുള്ളത്.
കാസർകോട് നിന്നുള്ള നിരക്ക് ടേബിൾ
(ചെയർകാർ, എക്സിക്യൂട്ടിവ് എന്ന ക്രമത്തിൽ)
കണ്ണൂർ 445, 840
കോഴിക്കോട് 625, 1195
ഷൊർണൂർ 775, 1510
തൃശൂർ 825, 1600
എറണാകുളം 940, 1845
കോട്ടയം 1250, 2270
കൊല്ലം 1435, 2645
തിരുവനന്തപുരം 1520, 2815
യാത്രക്കാർക്ക് ആദ്യ സർവീസ് നാളെ
കാസർകോട് നിന്നാണ് യാത്രക്കാർക്കായുള്ള ആദ്യ സർവീസ് തുടങ്ങുന്നത്. മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളിൽ. മേയ് 1 വരെയുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടിവ് ടിക്കറ്റ് വിറ്റഴിഞ്ഞു. നാളെ ഉച്ചയ്ക്ക് 2.30നാണ് ആദ്യ സർവീസ്. കാസർകോട് നിന്നു മാത്രം 400ലേറെ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണു യാത്രക്കാരുടെ ഭാഗത്തു നിന്നുള്ളതെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
Post a Comment