തുടർച്ചയായ കവർച്ചകൾ കുമ്പളയിലെ വ്യാപാരികളുടെ ഉറക്കം കെടുത്തുന്നു.
ഫോട്ടോ: ഈ ഞായറാഴ്ച്ച കവർച്ച നടന്ന കുമ്പളയിലെ ബേക്കറിക്കട. |
കുമ്പള(www.truenewsmalayalam.com) : ഒന്നിന് പിറകെ ഒന്നായി കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന കവർച്ചകൾ വ്യാപാരികളുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ നാലു മാസത്തിനിടയിൽ മാത്രമായി അഞ്ചോളം കടകളിലാണ് ചെറുതും, വലുതുമായ കവർച്ചകൾ നടന്നത്. എല്ലാ കവർച്ചകളും സമാന രീതിയിലുള്ളതുമാണ്. പൂട്ട് മുറിച്ചുമാറ്റിയാണ് കവർച്ചകൾ. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി കുമ്പള മത്സ്യ മാർക്കറ്റ് റോഡിലെ ബേക്കറിയിൽ കവർച്ച നടന്നത്.
ഇവിടെനിന്ന് ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന തുകയാണ് കവർച്ച ചെയ്യപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് കടകൾ ശനിയാഴ്ച അടഞ്ഞുകിടുന്നിരുന്നു. ഞായറാഴ്ച രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ജീവനക്കാർ കവർച്ച നടന്ന വിവരം അറിയുന്നത്.
2022 ഡിസംബറിൽ കുമ്പള ബദിയടുക്ക റോഡിലെ രണ്ട് കടകളിൽ കവർച്ച നടന്നിരുന്നു. ഒരു കട ഷട്ടർ കുത്തി തുറന്നും, മറ്റൊരു കട പൂട്ട് മുറിച്ചു മാറ്റിയമാണ് കവർച്ച നടത്തിയത്. രണ്ട് കടകളിൽ നിന്നായി ഇരുപതിനായിരം രൂപയും നാൽപതിനായിരം രൂപയുടെ സാധനങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്.
2023 ജനുവരിയിൽ കുമ്പളയിലെ ഹോൾസെയിൽ കടയിൽ വൻ കവർച്ചയാണ് നടന്നത്. ഇവിടെയും പൂട്ട് മുറിച്ചുമാറ്റിയാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇവിടെനിന്ന് കവർച്ച ചെയ്തത്. പിന്നീട് ഒരു പച്ചക്കറി കടയിലും കവർച്ച നടന്നിരുന്നു.
മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിക്കടി ഉണ്ടാകുന്ന കവർച്ചകൾ വ്യാപാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്. രാത്രി കടപൂട്ടി വീട്ടിലേക്ക് പോയാൽ സ്ഥാപനത്തിന്റെ സുരക്ഷയിൽ വലിയ ആശങ്കയിലാണ് വ്യാപാരികൾ.തുടർച്ചയായിട്ടുള്ള കവർച്ചകൾ തടയാനും, കവർച്ചക്കാരെ പിടികൂടാനും ശക്തമായ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Post a Comment