ചെറിയ പോറലുള്ള കാറ്, വിൽക്കാതെ മാറ്റിവെച്ച ടി.വി കുറഞ്ഞ നിരക്കിൽ, സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ഓഫറുകൾ വലിയ തട്ടിപ്പിന്റെ ചതിക്കുഴികൾ; കേരള പൊലീസ്.
കൊച്ചി(www.truenewsmalayalam.com) : ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽ.സി.ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായോ നിസാരവിലയ്ക്ക് ഓൺലൈൻ വഴി വില്പനക്കോ തയാറെന്ന മെസേജ് കണ്ടാൽ ചാടിവീഴരുതെന്ന് പൊലീസ്. സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന ഇത്തരം ഓഫറുകൾ വലിയ തട്ടിപ്പിന്റെ ചതിക്കുഴികളാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.
പൊലീസ് അറിയിപ്പിന്റെ പൂർണരൂപം:
ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കിൽ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം.
പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു.
വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത് വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയർ ചെയ്യുക.
Post a Comment