JHL

JHL

യു എം മുജീബ്; ജീവിതത്തിൽ നന്മ മാത്രം അടയാളപ്പെടുത്തിയ സഹൃദയൻ

മൊഗ്രാൽ(www.truenewsmalayalam.com) : പ്രവാസ ലോകത്ത് സർവ്വ മേഖലകളിലും നിറഞ്ഞുനിൽക്കുമ്പോൾ തന്നെ, നാടിന്റെ നന്മയ്ക്കായി കൃത്യമായി ഇടപെട്ടിരുന്ന സഹൃദയനെയാണ് യു എം മുജീബിന്റെ പൊടുന്നനെയുള്ള നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ നന്മ മാത്രം അടയാളപ്പെടുത്തിയത് കൊണ്ടാവാം അദ്ദേഹത്തെക്കുറിച്ച് സുഹൃത്തുക്കളും പരിചയപ്പെട്ടവരും സംഘടനകളും വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും വിയോഗം ഉൾകൊള്ളാനാവാതെ ഇന്നും വിതുമ്പിക്കൊണ്ടിരിക്കുന്നതും!!

വിശാലമായ സൗഹൃദവലയം തീർത്ത മുജീബിന്റെ ആകസ്മിക നിര്യാണം വീടിനും നാടിനും ഒരുപോലെ നഷ്ടമാണെന്നും കടവത്തിന്റെ മത-പൊതു രംഗങ്ങളിൽ മുജീബ് നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും യോഗം വിലയിരുത്തി.

മദ്രസ കമ്മിറ്റി പ്രസിഡന്റ് ടി. എം ശുഹൈബ് അധ്യക്ഷത വഹിച്ചു. മലബാർ ഇസ്ലാമിക്‌ കോംപ്ലക്സ് അബുദാബി പ്രസിഡന്റ്‌ അഷ്‌റഫ്‌ മവ്വൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

അബൂബക്കർ മൗലവി പാത്തൂർ പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകി. അബുദാബി - കാസറഗോഡ് ജില്ലാ കെ.എം.സി.സി മുൻ ജന. സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല അനുസ്മരണ പ്രഭാഷണം നടത്തി. അബുദാബി - മഞ്ചേശ്വരം മണ്ഡലം കെ. എം.സി.സി മുൻ പ്രസിഡന്റ്‌ സെഡ്.എ മൊഗ്രാൽ, മദ്രസ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ്‌ ഫസലുറഹ്മാൻ യു.എം, സെക്രട്ടറി ഖാലിദ് എം, സ്ഥലം ഇമാം അബ്ദുൽ ഗഫൂർ ഹനീഫി പ്രസംഗിച്ചു. ജന.സെക്രട്ടറി ടി.കെ അൻവർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് കെ. കെ നന്ദിയും പറഞ്ഞു.

തുടർന്ന് പുതിയ പള്ളി പരിസരത്ത് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ നിരവധിയാളുകൾ സംബന്ധിച്ചു.

മദ്രസാ കമ്മിറ്റി ഭാരവാഹികളായ എം.ജി.എ റഹ്മാൻ,എസ്.എ മുഹമ്മദ്‌,അബ്ദുല്ല കെ.ടി, ഇർഫാൻ യു.എം, കബീർ സിയ, ജുനി കെ.ടി, നൂഹ് കെ.കെ, ഷഹീർ യു.എം,  ഹബീബ് കെ.എച്ച്, ആകിഫ് ഫൈസൽ ഗൾഫ് പ്രതിനിധികളായ യു എം അമീൻ, വലിയ അബ്ബാസ്, സഫീർ ടി.കെ, മുൻസിർ എച്ച്.എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments