JHL

മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാം;;ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ് നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് ജില്ലാ പോലീസ് മേധാവി


കാസറഗോഡ് (True News, July7,2020): ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കി പോലീസ്. സമൂഹവ്യാപനം ഉണ്ടാവാതിരിക്കാന്‍ സാമൂഹ്യഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ അറിയിച്ചു.   
 മഞ്ചേശ്വരത്ത് നിയന്ത്രണം കടുപ്പിച്ച് പോലീസ്
മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലുടെ ലാബ്‌ടെക്‌നീഷന്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ടൗണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂ. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്  തുറക്കാന്‍ അനുമതി.നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.
കടകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ അരുത്
ജില്ലയില്‍ കടകള്‍, മറ്റുവ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുസമയം പാടില്ല. ഉപഭോക്താക്കളെ പരമാവധി ക്യൂ ആയി നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ (മാര്‍ക്ക് ചെയ്ത്) നിര്‍ത്തേണ്ടതും ആവശ്യാനുസരണം സ്ഥാപനത്തിനകത്തേക്ക് കയറ്റിവിടേണ്ടതുമാണ്. സാനിറ്റേസര്‍ ഉടമ ലഭ്യമാക്കണം.പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.പൊതുസ്ഥലത്തും, പരിപാടികള്‍ക്കും ഒത്തുകൂടുന്നവര്‍ ആറ് അടി അകലം പാലിക്കണം. വിവാഹചടങ്ങുകളില്‍ ഒരേസമയം 50 ആളുകളില്‍ കൂടുതല്‍ പാടില്ല. മാസ്‌ക്, സാനിറ്റേസര്‍, സാമൂഹ്യഅകലം പാലിച്ചുവേണം ചടങ്ങുകള്‍ നടത്താന്‍.
 പൊതു ഇടങ്ങളില്‍ തുപ്പരുത്
റോഡിലും ഫുഡ്പാത്തിലും തുപ്പരുത്. അനുമതിയോടുകൂടിമാത്രമേ ജാഥകളും മറ്റു സമരപരിപാടികളും നടത്താന്‍ പാടുള്ളു. പരമാധി 10 ആള്‍ക്കാര്‍ മാത്രമേ പാടുള്ളു.ക്യത്യമായ ശാരീരിക അകലം പാലിച്ചുവേണം നടത്താന്‍. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍തുടങ്ങിയ മുഴുവന്‍ കായികവിനോദങ്ങളും പൂര്‍ണ്ണമായും നിരോധിച്ചു.നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10000 രൂപവരെ പിഴയും രണ്ട് വര്‍ഷംവരെ തടവും ശിക്ഷ ലഭിക്കാം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതുപരിപാടികളും ആഘോഷങ്ങളും അരുത് 
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാതൊരു കാരണവശാലും പൊതുപരിപാടികളോ, ആഘോഷങ്ങളോ നടത്തുവാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍കൂട്ടം കൂടാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകള്‍ പ്രവേശിക്കുവാനോ അവിടെ താമസിക്കുന്ന ആളുകള്‍് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികേ പുറത്തേക്ക് പോകുവാനോ അനുവദിക്കുകയില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും മെഡിക്കല്‍സ്റ്റോറുകളിലും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ല.
വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടിസ്വീകരിക്കും.
 ചരക്കു ലോറികള്‍ റോഡ് അരികില്‍ നിര്‍ത്തിയിടരുത്
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഹോട്ടലുകളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ പാര്‍സലായി മാത്രമേ വാങ്ങാന്‍ പാടുള്ളു. ആരാധാനാലയങ്ങളില്‍ എല്ലാവരും ശാരീരിക അകലം പാലിക്കണം.
അതിഥിതൊഴിലാളികള്‍ ജില്ലയിലേക്ക് വന്നാല്‍ അവര്‍ 14 ദിവസം ക്വാറന്റെനില്‍ കഴിയേണ്ടതും അതിനുള്ള സൗകര്യം അവരെകൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ചെയ്തു കൊടുക്കേണ്ടതുമാണ്.
 പോലീസില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം
പൊതുജനങ്ങള്‍് ഇപ്പോള്‍ പോലിസ്‌സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതികള്‍കൊടുക്കേണ്ടതില്ല. പകരം ഇ മെയില്‍ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളിലുടെ പരാതി കൊടുക്കാവുന്നതാണ്.
  ബേക്കല്‍, റാണിപുരം, പൊസടികമ്പെ തുടങ്ങിയ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജൂലൈ 31 വരെ അടച്ചിടും 

No comments