JHL

JHL

വിവാദങ്ങൾക്ക് ഒടുവിൽ എം സി പാണക്കാട്ട്

 
മലപ്പുറം (True News 10.9.2020):  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ. ക്കെതിരെ വിവാദങ്ങൾ ഉയരുന്നതിനിടെ വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുമ്പാകെ വിശദീകരണം നല്‍കാനായി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. സംസ്ഥാന നേതൃത്വം വിളിപ്പിച്ചത് അനുസരിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും രാവിലെ പാണക്കാട്ടെത്തിയിട്ടുണ്ട്. രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ 12 മണി വരെയും കൂടിക്കാഴ്ച ആരംഭിച്ചിരുന്നില്ല. ഖമറുദ്ദീന്‍ ഇന്നലെ രാത്രി തന്നെ പാണക്കാട്ട് എത്തിയിട്ടുണ്ട്.
മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് കരുതിയതെങ്കിലും ഖമറുദ്ദീന്‍ തല്‍ക്കാലം അങ്ങോട്ട് വരേണ്ടതില്ലെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍ അത്തരമൊരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ലെന്നാണ് ലീഗ് നേതാക്കള്‍ നല്‍കിയ സൂചന. 
എം.എല്‍.എ സ്ഥാനത്ത് നിന്ന് ഖമറുദ്ദീന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട്ട് ഇടതുമുന്നണിയും ബി.ജെ.പി. അടക്കമുള്ള പാര്‍ട്ടികളും നടത്തി വരുന്ന സമരങ്ങളെ കുറിച്ച് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടി വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴയുകയാണ്.  യു.ഡി.എഫിന്റെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഖമറുദ്ദീന്റെ ഈ സ്ഥാനം ഒഴിയാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചുകൊടുത്തുവരികയാണെന്നും സംസ്ഥാന നേതൃത്വത്തെ ഖമറുദ്ദീന്‍ അറിയിക്കുമെന്നാണ് സൂചന. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത് ലീഗ് നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേരാണ് നേരിട്ടെത്തി ഖമറുദ്ദീനും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ പൂക്കോയ തങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയത്. കേസന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചിനാണ് .

No comments