JHL

JHL

അവശ്യ രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാൽ ശിക്ഷ: ഭക്ഷ്യസുരക്ഷ സ്ക്വാഡ് പരിശോധന കർശനമാക്കി

അവശ്യ രേഖകളില്ലാതെ പാതയോര കച്ചവടം നടത്തിയാൽ ഭക്ഷ്യ സുരക്ഷാനിയമം 2006 പ്രകാരം, മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും.


ഭക്ഷ്യ ഉല്പന്നങ്ങൾ വിൽപന നടത്തുന്നതിനുള്ള ലൈസൻസ് , ഭക്ഷ്യസാധനങ്ങൾ വാങ്ങിയതിന്റെ ബിൽ, ലാബ് പരിശോധന റിപ്പോർട്ട് എന്നിവയുണ്ടെങ്കിൽ വില്പന നടത്താം.
എന്നാൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ കാസർകോട് ജില്ലയുടെ ദേശീയ പാത 66,  കെ എസ് ടി പി റോഡ്, സംസ്ഥാന ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിൽ ഭക്ഷ്യ വസ്തുക്കളും കശുവണ്ടിപരിപ്പും പച്ചക്കറികളും മറ്റും വിൽപന നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷ സ്ക്വാഡ് പരിശോധന കർശനമാക്കി.
ലൈസൻസില്ലാതെ  വിൽപന പാടില്ലെന്ന് ഭക്ഷ്യ  സുരക്ഷ  ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ പാതയോരത്ത് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല. പാർസലായി ഭക്ഷ്യപദാർത്ഥങ്ങൾ നൽകണം. ഭക്ഷ്യസുരക്ഷാ അസി കമ്മീഷണർ ഉദയന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ കെ പി മുസ്തഫ മുഹമ്മദ് അറാഫത്ത് എന്നിവരുൾപ്പെടുന്ന ടീം പിടികൂടിയ കശുവണ്ടിപരിപ്പ് ലാബ് പരിശോധനയ്ക്ക് അയച്ചു.
പരിശോധന വരുംദിവസങ്ങളിലും തുടരും. ആദ്യഘട്ടത്തിൽ ബോധവൽക്കരിക്കുകയാണ്. കാര്യങ്ങൾ മനസ്സിലാക്കിയിട്ടും നിയമ വിരുദ്ധ വിൽപ്പന തുടർന്നാൽ നിയമ നടപടി സ്വീകരിക്കും.  അംഗീകാരമില്ലാതെ വിൽപന നടത്തുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഭക്ഷ്യ  സുരക്ഷ  ഉദ്യോഗസ്ഥർ അറിയിച്ചു. www.fssai.gov.in എന്ന വെബ് സൈറ്റിൽ നൂറ് രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്താൽ രജിസ്ടേഷൻ ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കാനാകും. ക്രിമിനൽ കുറ്റത്തിനാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

No comments