JHL

JHL

കടൽ തീരത്ത് ബാരലുകൾ കരക്കടിയുന്നു ; പെട്രോളാണെന്ന് കരുതി തീരദേശവാസികൾ ശേഖരിച്ച് വെച്ചു ; ഉപയോഗിക്കരുതെന്ന് പോലീസ് നിർദ്ദേശം


കാസറഗോഡ് (True News 13 Septemebr 2020): ജില്ലയിൽ ഉദുമയിലും വലിയപറമ്പിലും തീരപ്രദേശങ്ങളിൽ ബാരലുകൾ കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ചയുമായാണ് ബാരലുകൾ തീരത്തെത്തിയത്. പ്രദേശത്തുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തീരദേശ പോലീസ് സ്ഥലത്തെത്തി ബാരലുകൾ കസ്റ്റഡിയിലെടുത്തു. ബാരലിൽ എന്താണെന്നത് മനസ്സിലാക്കാൻ സാമ്പിൾ ശാസ്ത്രീയപരിശോധനയ്ക്ക് കണ്ണൂരിലെ റീജണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് തളങ്കര തീരദേശ പോലീസ് അറിയിച്ചു.


വെള്ളി, ശനി ദിവസങ്ങളിലായാണ് കീഴൂർ, ചെമ്പിരിക്ക കടൽത്തീരങ്ങളിൽ ബാരലുകൾ കണ്ടെത്തിയത്. 200 ലീറ്റർ വീതം ഉൾക്കൊള്ളുന്ന എട്ട്‌ ബാരലുകളാണിവ.

പെട്രോളാണെന്ന ധാരണയിൽ നാട്ടുകാർ ബാരലുകളിൽ ചിലത് തുറന്ന് ഇന്ധനം കന്നാസുകളിലാക്കി കൊണ്ടുപോയിരുന്നു. എന്നാൽ പെട്രോളിനേക്കാൾ സാന്ദ്രത കുടിയ ദ്രാവകമാണ് ബാരലിലെന്നും ഇത് പെട്രോളായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും സ്ഥലത്തെത്തിയ മേൽപ്പറമ്പ് എസ്.ഐ. പദ്മനാഭൻ പറഞ്ഞു.

തിരിച്ചറിയുന്നതുവരെ ശേഖരിച്ച ഇന്ധനം ഉപയോഗിക്കരുതെന്ന് പോലീസ് നിർദേശിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് വലിയപറന്പ്‌ തീരത്തും ബാരലുകൾ കരയ്ക്കടുത്തത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിക്രമന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയപറമ്പ് ഗ്രാമീൺ ബാങ്ക് പരിസരത്ത് രണ്ട്, പട്ടേൽ കടപ്പുറത്ത് ഒന്ന്, പടന്നകടപ്പുറത്ത് നാല്, പന്ത്രണ്ടിൽ ഒന്ന് എന്നിങ്ങനെ എട്ട് ബാരലുകളാണ് കരയ്ക്കടുത്തത്.

ബാരലുകൾ ശനിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ രീതിയിൽ കരയ്ക്കടുക്കുന്ന ബാരലുകൾ പ്രദേശവാസികൾ തുറക്കാൻ ശ്രമിക്കരുതെന്ന് തീരദേശ പോലീസ് അറിയിച്ചു.

ഏതെങ്കിലും കപ്പലിൽ നിന്ന്‌ വീണ ബാരൽ ഒഴുകിവന്നതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


No comments